കൊച്ചി∙ പാലാരിവട്ടം മേൽപ്പാലത്തിലൂടെ ഗതാഗതം ആരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ ആറിടത്തു വിള്ളല്‍. യാത്രക്കാരുടെയും പാലത്തിന്റെയും സുരക്ഷ പരിഗണിച്ച് അടിയന്തരമായി ഗതാഗതം നിയന്ത്രിക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് മനോരമ ന്യൂസ് പുറത്തുവിട്ടു. വിള്ളലുകൾ ഓരോന്നും ഗുരുതരമാണെന്നും നാൾക്കുനാൾ പാലത്തിന്റെ ബലക്ഷയം കൂടിവരികയാണെന്നും പരിശോധന നടത്തിയ സ്വകാര്യ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും റിപ്പോർട്ടുകൾ പൂഴ്ത്തിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ 20, 21 തീയതികളിലായിരുന്നു പരിശോധന. 1, 2, 3, 7, 10,12 തൂണുകളിലെ പിയർ ക്യാപിലാണ് വിള്ളൽ വീണത്. 10, 12 തൂണുകളിലെ വിള്ളൽ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതടക്കം ഒരോ വിളളലും വലുതാകുകയും വികസിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണിക്കുള്ള ശുപാർശ. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് കർശനമായി നിരോധിക്കാൻ ഒരാഴ്ച മുൻപു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2014–ൽ തറക്കല്ലിട്ട്, 72 കോടി മുതൽ മുടക്കിൽ നിർമിച്ച പാലാരിവട്ടം മേൽപ്പാലം 2016 ഒക്ടോബറിലാണ് തുറന്നുകൊടുത്തത്. ഒരു മാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞ് വാഹനങ്ങൾക്ക് കയറാൻ കഴിയാതായിരുന്നുവെങ്കിലും മിനുക്കുപണികൾ ചെയ്ത് കുഴിയടക്കുകയായിരുന്നു. ടോൾപിരിവ് ഒഴിവാക്കാൻ ദേശീയപാതാ അതോറിറ്റിയെ മാറ്റിനിർത്തിയാണ് മേൽപ്പാലം പണിതീർത്തത്. സംസ്ഥാന സർക്കാരിനു വേണ്ടി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണം നടത്തിയത്.