കൊച്ചി∙ എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പീസ് ഫൗണ്ടേഷൻ വക സ്ഥലത്തുള്ള ഗാന്ധിപ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമ പിന്നോട്ട് മറിഞ്ഞ് തല അടർന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യക്കാരനായ ഒരാൾ അറസ്റ്റിലായി. മാനസികനിലതെറ്റി അലഞ്ഞു നടന്നിരുന്ന ഇയാളെ സിസിടി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ ശാരീരിക പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിമ തകർക്കപ്പെട്ടതറിഞ്ഞ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു.
നേരത്തെ, മെട്രോ നിർമാണത്തെ തുടർന്നു പ്രതിമ ഇവിടെ നിന്നു എടുത്തു നീക്കാൻ ശ്രമമുണ്ടായിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷനും ജസ്റ്റിസ് ഷംസുദീനും നാട്ടുകാരും ചേർന്നു പ്രതിഷേധിച്ചതിനെ തുടർന്നു കലക്ടറുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രതിമ അവിടെ പുനഃസ്ഥാപിച്ചത്. മെട്രോ നിർമാണത്തിനായി ഗാന്ധി പീസ് ഫൗണ്ടേഷൻ 8.5 സെന്റ് സ്ഥലം നൽകിയിരുന്നു. ബാക്കിയുള്ള റോഡിനോടു ചേർന്ന മൂന്നു സെന്റ് സ്ഥലത്താണ് പ്രതിമയുള്ളത്.