Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയായി കര്‍ഷക മുന്നേറ്റം; മോദിക്കെതിരെ വിമർശനശരങ്ങൾ

farmers-march-opposition-leaders കർഷക മാർച്ചിനെ അഭിസംബോധന ചെയ്ത അരവിന്ദ് കേജ്‍രിവാൾ, സീതാറാം യച്ചൂരി, ഫാറൂഖ് അബ്ദുല്ല, രാഹുൽ ഗാന്ധി, ശരദ് പവാർ തുടങ്ങിയവർ.

ന്യൂഡല്‍ഹി ∙ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായ കര്‍ഷക മുന്നേറ്റം പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയായി. കർഷക മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനങ്ങൾ തൊടുത്തു.

രാജ്യത്തെ 15 വ്യവസായികൾക്കു ചെയ്തുകൊടുത്ത സഹായം കർഷകർക്കും മോദി ലഭ്യമാക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ, സമാജ്‍വാദി പാർട്ടി, സിപിഎം, സിപിഐ, ആം ആദ്മി പാർട്ടി, നാഷനൽ കോൺഫറൻസ്, എൻസിപി, ലോക്താന്ത്രിക് ജനതാദൾ എന്നിവയുടെ നേതാക്കൾ കർഷക റാലിയിൽ പങ്കെടുത്തു.

Farmers Protest ഡല്‍ഹിയില്‍ സമരത്തിനായി എത്തിയ കര്‍ഷകര്‍

ഇന്ത്യ പ്രധാനമായും 2 വെല്ലുവിളികളാണു നേരിടുന്നത്; കർഷകരുടെ നിരാശയേറിയ ഭാവിയും തൊഴിലില്ലാത്ത യുവാക്കളും. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാൻ മോദി കാണിച്ച മനസ്സ് കർഷകർക്കു നേരെയും ഉണ്ടാകണം. കർഷകർ അവരുടെ അവകാശങ്ങളാണു ചോദിക്കുന്നത്, ഔദാര്യമല്ല. ഉൽപന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കണം. കർഷകരുടെ അധ്വാനത്തിനു പ്രതിഫലം കിട്ടണം. പക്ഷേ, എല്ലാ പണവും അനിൽ അംബാനിയുടെ കീശയിലേക്കാണു പോകുന്നത്. കർഷകർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല, ശൂന്യമായ പ്രസംഗങ്ങളല്ലാതെ– മോദിയെ ലക്ഷ്യമിട്ടു രാഹുൽ പറഞ്ഞു.

Farmers-Protest ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമായി തമിഴ്നാട്ടില്‍ നിന്നുള്ളവര്‍. ചിത്രം: എഎന്‍ഐ, ട്വിറ്റര്‍

കർഷകരോടു കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നത് അദ്ഭുതകരമാണെന്നു കേജ്‍രിവാൾ പറഞ്ഞു. കർഷകർക്കായുള്ള കേന്ദ്ര സർക്കാരിന്റെ ബീമ യോജന തട്ടിപ്പാണ്. കർഷകരുടെ അക്കൗണ്ടിൽനിന്നു ആയിരക്കണക്കിനു കോടി രൂപയാണ് എടുക്കുന്നത്. എന്നാൽ വിള നശിക്കുമ്പോൾ വേണ്ടത്ര സഹായം കൊടുക്കുന്നുമില്ല. ഇത് ബീമ യോജനയല്ല, ബിജെപിയുടെ തീവെട്ടിക്കൊള്ള പദ്ധതിയാണെന്നും കേജ്‌രിവാൾ തുറന്നടിച്ചു.

എല്ലാ പോക്കറ്റടിക്കാർക്കും ഒരു സഹായി ഉണ്ടാവുമെന്നു പറയ‌ും പോലെയാണു നരേന്ദ്ര മോദിയുടെ കാര്യം. മോദി പോക്കറ്റടിക്കും, അമിത് ഷാ സഹായിക്കും. ബിജെപിയെ പുറത്താക്കി പകരം സർക്കാർ അധികാരത്തിൽ വരും. പാർലമെന്റിൽ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സർക്കാരായിരിക്കും അതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

കർഷകസമരത്തിൽ കാണുന്ന ഐക്യം ബിജെപി സർക്കാരിനെ തൂത്തെറിയാനുള്ളതാണെന്നു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. കര്‍ഷകരുടെ ജീവല്‍പ്രശ്നങ്ങളെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ജനശക്തി വലിച്ചുതാഴെയിടുമെന്നും കര്‍ഷകശക്തിയില്‍ നവഇന്ത്യ ഉയരുമെന്നും അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു.

‘അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം’ എന്ന മുദ്രാവാക്യമുയർത്തിയ കർഷക മാർച്ച്, നരേന്ദ്ര മോദിയേയും കേന്ദ്രസർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതാണ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണു ദില്ലി ചലോ എന്നുപേരിട്ട മാര്‍ച്ചില്‍ പങ്കെടുത്തത്. താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വായ്പ എഴുതിത്തള്ളുക, സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ കാര്യങ്ങളുന്നയിച്ചായിരുന്നു സമരം.

Farmers Protest ഡല്‍ഹിയില്‍ സമരത്തിനായി എത്തിയ കര്‍ഷകര്‍

ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു ജീവനൊടുക്കിയ കർഷകരുടെ തലയോട്ടികളുമേന്തിയാണു തമിഴ്നാട്ടിൽനിന്നുള്ളവർ ഡൽഹിയിലെത്തിയത്.