Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്തുതകൾ നോക്കൂ, ട്വീറ്റുകളല്ല: രാഹുലിനു ഫ്രഞ്ച് സ്ഥാനപതിയുടെ മറുപടി

rahul-gandhi-rafale റഫാൽ വിമാനം, രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ റഫാൽ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകളാണു നോക്കേണ്ടതെന്നും ട്വീറ്റുകളല്ലെന്നും ഫ്രാൻസിന്റെ ഇന്ത്യൻ സ്ഥാനപതി അലെക്സോന്ദ്ര സ്ലീഗർ. ഡൽഹിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സ്ലീഗറുടെ പരാമർശം.

‘വസ്തുതകൾ നോക്കൂ, ട്വീറ്റുകളല്ല. ഇതാണ് എന്‍റെ ഹ്രസ്വവും ലളിതവുമായ മറുപടി’ – റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി ഫ്രഞ്ച് സ്ഥാനപതി പറഞ്ഞു. റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നതായി ആരോപിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നംവച്ചുള്ള പരോക്ഷമായ പരിഹാസമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിലൂടെയും ശക്തമായ ആക്രമണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റഫാൽ ഇടപാടിനുമെതിരെ രാഹുൽ നടത്തിവരുന്നത്.

റഫാൽ ഉടമ്പടിക്കു ഫ്രഞ്ച് സർക്കാരിന്‍റെ ഒരുതരത്തിലുള്ള പിന്തുണയുമില്ലെന്നും വിശ്വസ്തരായിരിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന കത്തു കൈവശമുണ്ടെന്നാണു നമ്മുടെ പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നതെന്നും രാഹുൽ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. റഫാലിന്റേത് സര്‍ക്കാരുകൾ തമ്മിലുള്ള കരാറാണെന്നു വ്യക്തമാക്കാൻ ഈ കത്തു മാത്രം മതിയോ എന്നും രാഹുൽ ചോദിച്ചു. കാവൽക്കാരൻ രാജ്യത്തെ വിറ്റിരിക്കുകയാണെന്നും ട്വീറ്റിൽ കുറ്റപ്പെടുത്തി.

റഫാൽ യുദ്ധവിമാന കരാറിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഡാസോ തിരഞ്ഞെടുത്തതു മോദി സർക്കാരിന്‍റെ സമ്മർദത്തെ തുടർന്നാണെന്നുമാണു കോൺഗ്രസിന്‍റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ ഫ്രഞ്ച് സർക്കാരും ഡാസോയും നിഷേധിച്ചു. ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നതെന്നും റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നുമാണു ഡാസോയുടെ വിശദീകരണം.