Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ വിശിഷ്ട സേവനം: യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രവുമായി സർക്കാർ

Yathish Chandra എസ്.പി: യതീഷ് ചന്ദ്ര.

തിരുവനന്തപുരം∙ ശബരിമലയിലെ പ്രവർത്തനത്തിന് എസ്പി: യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നൽകി സർക്കാർ. അദ്ദേഹത്തിന്റെ 15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയിൽനിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാർ നടപടി.

മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു ഇത്. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിനെതിരെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണം, കറുത്ത ആളുകളോട് എസ്പിക്ക് അവജ്ഞയാണ്, രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടി, പിണറായിയുടെ ധാർഷ്ഠ്യമാണ് എസ്പി കാണിക്കുന്നത് തുടങ്ങിയ ആരോപണങ്ങളാണ് എ.എൻ. രാധാകൃഷ്ണൻ എസ്പിക്കെതിരെ ഉയർത്തിയത്.