തിരുവനന്തപുരം∙ വനിതാ മതിലിനെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ താനെ പൊളിയുന്ന സ്ഥിതിയിലാണെന്ന് ചെന്നിത്തല പറഞ്ഞു. സി.പി. സുഗതനെപ്പോലെയുള്ള എടുക്കാച്ചരക്കുകളെ മുഖ്യമന്ത്രി മഹത്വവൽക്കരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മതന്യൂനപക്ഷ സമുദായങ്ങളെ നവോത്ഥാന യോഗത്തിൽനിന്ന് ഒഴിവാക്കിയതായും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. രമേശ് ചെന്നിത്തല നവോത്ഥാന സംഘടനകളെ അധിക്ഷേപിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. യോഗത്തിൽ പങ്കെടുത്തവരെ ജാതി സംഘടനകൾ എന്നു വിളിച്ചതു ദൗർഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവിന്റെ പദവിക്കു നിരക്കാത്ത പദപ്രയോഗം ആണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കോൺഗ്രസ് നവോത്ഥാന പൈതൃകത്തെ നിരാകരിക്കുകയാണ്. ആർഎസ്എസ്–കോണ്ഗ്രസ് നിലപാടുകൾ ഇവിടെ സമാനമായി. വനിതാ മതിൽ സർക്കാരിന്റെ പരിപാടിയല്ല. ചെന്നിത്തല മര്യാദയുടെ പരിധി വിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.