ന്യൂഡൽഹി ∙ വ്യോമസേനയ്ക്കുള്ള റഫാൽ യുദ്ധവിമാന കരാറിൽ ഉൾപ്പെട്ട് വിവാദത്തിലായ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്കെതിരെ നാവികസേനയുടെ നടപടി.
തീരനിരീക്ഷണത്തിനുള്ള 5 കപ്പലുകൾ നിർമിക്കുന്നതിനു റിലയൻസ് ഏർപ്പെട്ട കരാറിന്റെ മെല്ലെപ്പോക്കിൽ സേന അതൃപ്തി പ്രകടിപ്പിച്ചു. നിർമാണം അനന്തമായി വൈകിയതോടെ കമ്പനി സമർപ്പിച്ച ബാങ്ക് ഗാരന്റി സേന ഈടാക്കി.
ഒൗദ്യോഗികമായി റദ്ദാക്കിയിട്ടില്ലെങ്കിലും കരാർ പരിശോധിച്ചു വരികയാണെന്നും ഒരു കമ്പനിയോടും പ്രത്യേക താൽപര്യമില്ലെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ വ്യക്തമാക്കി.
റഫാൽ ഇടപാടിലെ ഓഫ്സെറ്റ് കരാർ റിലയൻസ് അന്യായമായി സ്വന്തമാക്കിയെന്നാരോപിച്ചു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ വേളയിലാണു നാവികസേനയുടെ അതൃപ്തി കമ്പനി നേരിടുന്നതെന്നതു ശ്രദ്ധേയം. തീരസംരക്ഷണത്തിനായുള്ള സേനയുടെ പുതിയ താവളം ജനുവരി 23ന് ആൻഡമാൻ ദ്വീപിൽ തുറക്കും.