Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഭീമൻ പക്ഷി’ ബഹിരാകാശത്ത്, റോക്കറ്റ് പൊക്കത്തിൽ ഇന്ത്യയുടെ ഇന്റർനെറ്റ് വേഗം

GSAT-11 ജിസാറ്റ്–11 വിക്ഷേപിച്ചപ്പോൾ. ചിത്രം – ട്വിറ്റർ@ഐഎസ്ആർഒ

ബെംഗളൂരു ∙ ഇന്ത്യയിൽ മിക്കവരും ബുധനാഴ്ച പുലർച്ചെ ഉറക്കത്തിലാണ്ടപ്പോൾ ഫ്രഞ്ച് ഗയാനയിലെ കൗറുവിലെ ഗയാന സ്പെസ് സെന്റർ രാജ്യത്തിന് ഉണർവു പകർന്നത് ഇന്ത്യൻ ഇന്റർനെറ്റ് രംഗത്തിന് വേഗം പകരുന്ന വാർത്ത.

രാജ്യത്ത് 16 ജിബിപിഎസ്. വേഗത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന വാർത്താവിനിമയ ഉപഗ്രഹം ‘ജിസാറ്റ്–11’ ഫ്രഞ്ച് ഗയാനയിൽ നിന്ന് എരിയൻ റോക്കറ്റിലൂടെ ഇന്ത്യൻ സമയം 2.07 ന് വിജയകരമായി വിക്ഷേപിച്ചു. 

ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾക്ക് മികച്ച പിന്തുണയാകുമെന്നു വിലയിരുത്തപ്പെടുന്ന ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ് – ‘വലിയ പക്ഷി’ എന്നാണ് ഈ ഉപഗ്രഹത്തിന്റെ വിളിപ്പേര്.

15 വർഷം കാലാവധിയുള്ള ഉപഗ്രഹത്തിന് ചെലവ് 1,200 കോടി രൂപ. മേയ് 26 നാണ് വിക്ഷേപണം ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില പോരായ്മകൾ കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം നീട്ടിവയ്ക്കുകയായിരുന്നു. റേഡിയോ സിഗ്‌നലുകളുടെ വിനിമയം സാധ്യമാക്കുന്ന 40 ട്രാൻസ്പോണ്ടറുകളുണ്ട്.

ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ്–19, ജിസാറ്റ്–29 എന്നീ  ഹൈ ത്രൂപുട്ട്(എച്ച്ടിഎസ്) ശ്രേണിയിലുള്ള ഉപഗ്രഹമാണ് ജിസാറ്റ്–11. അടുത്തവർഷം ജിസാറ്റ്–20 കൂടി വിക്ഷേപിക്കുന്നതോടെ നാലു ഉപഗ്രഹങ്ങളുടെ സഹായത്തിൽ രാജ്യത്തെ ഇന്റർനെറ്റ് സേവനവേഗം 100 ജിബിപിഎസ് ആക്കാനാകുമെന്നാണ് പ്രതീക്ഷ.

ഐഎസ്ആർഒ ചെയർമാൻ കെ.ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇൻസാറ്റ്–11 ന്റെ വിക്ഷേപണം.

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു കീഴിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘ഭാരത്‌നെറ്റി’ലൂടെ രാജ്യത്തെ വിദൂര ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വേഗമുള്ള ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കു വിക്ഷേപണം സഹായകരമാകുമെന്ന് വിക്ഷേപണത്തിനു തൊട്ടുപിന്നാലെ മാധ്യമങ്ങളോട് ഡോ.ശിവൻ പ്രതികരിച്ചു.

ഉപഗ്രഹം നിർമിച്ച ബെംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി.കുഞ്ഞികൃഷ്ണൻ, ജിസാറ്റ്–11 മിഷൻ ഡയറക്ടർ പി.കെ.ഗുപ്ത തുടങ്ങി നിരവധി ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഐഎസ്ആർഒ ഇതുവരെ നിർമിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ് ജിസാറ്റ്–11. 2017 ജൂണിൽ ഐഎസ്ആർഒ വിക്ഷേപിച്ച 3,477 കിലോ ഭാരമുള്ള ജിസാറ്റ്–17 ആണ് ഇതിനു തൊട്ടുപിന്നിൽ ഭാരമുളള ഇന്ത്യൻ ഉപഗ്രഹം.

related stories