ന്യൂഡൽഹി∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബംഗാളിലേതു ഭീകര ഭരണമാണെന്നു പറഞ്ഞ ഷാ, ജനാധിപത്യത്തെ മമത ഞെക്കിക്കൊല്ലുകയാണെന്ന് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള രഥയാത്രയ്ക്കു ബംഗാളിൽ അനുമതി നിഷേധിച്ചതാണു ഷായെ പ്രകോപിതനാക്കിയത്.
‘തീർച്ചയായും രഥയാത്ര നടത്തും, ആർക്കും ഞങ്ങളെ തടയാനാകില്ല’– അമിത് ഷാ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 3 രഥയാത്രകൾ ഉൾപ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണു ബംഗാളിൽ നടത്താനിരുന്നത്. വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്കു കുച്ച് ബെഹാർ പൊലീസ് അനുമതി നൽകിയില്ല. രഥയാത്ര വർഗീയ പ്രശ്നങ്ങൾക്കു കാരണമാകാമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്.
സർക്കാരിന്റെ വാദം കണക്കിലെടുത്ത കൊൽക്കത്ത ഹൈക്കോടതി രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു. കേസ് പരിഗണിക്കുന്ന 9 വരെ യാത്ര നടത്തരുതെന്നാണു കോടതി നിർദേശം. ഹൈക്കോടതി സിംഗിൾബെഞ്ച് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് സ്വീകരിച്ചു.
ബിജെപിക്കു വലിയ സ്വാധീനമില്ലാത്ത ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണു രഥയാത്ര കടന്നുപോകുക. സംസ്ഥാനത്തു 2 എംപിമാരേ ബിജെപിക്കുള്ളൂ. അടുത്ത വർഷം 20 സീറ്റുകളിൽ കൂടി വിജയിക്കണമെന്നാണു അമിത് ഷാ പാർട്ടി പ്രവർത്തകർക്കു നൽകിയിരിക്കുന്ന നിർദേശം.