പശ്ചിമഘട്ടം: ഇഎസ്‌ഐ വിസ്തൃതി ചുരുക്കി; വനേതര മേഖല ഒഴിവാക്കിയില്ല

ന്യൂഡല്‍ഹി∙ കേരളത്തിന് ആശ്വാസമായി പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിരോധന ഉത്തരവില്‍ ഭേദഗതി. 2013 നവംബര്‍ 13-ലെ നിരോധന ഉത്തരവിലാണ് ഭേദഗതി വരുത്തിയത്. ഇഎസ്എ വിസ്തൃതി 56,825 ചതുരശ്ര കിലോമീറ്ററായി ചുരുക്കി. നേരത്തേ ഇത് 59,940 ചതുരശ്ര കിലോമീറ്ററായിരുന്നു.

കരടു വിജ്ഞാപനത്തിലെ വിസ്തൃതി തന്നെ ഉള്‍പ്പെടുത്തിയാണു ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാല്‍ വനേതര മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ദേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 123 വില്ലേജുകളില്‍ നാലെണ്ണം പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഇഎസ്എ വിസ്തൃതി കുറയ്ക്കണമെന്ന് നേരത്തേതന്നെ ആവശ്യപ്പെടുന്നതാണ്. സംസ്ഥാനത്തെ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററെന്നത് 9107 ആക്കി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം, മഹാരാഷ്ട്രയ്ക്ക് 17,340 നെ 15,613 ആക്കണം, തമിഴ്‌നാടിന് 6914 നെ 6665.47 ആയി കുറയ്ക്കണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍.

അതേസമയം, പശ്ചിമഘട്ടത്തിലെ മൊത്തം ഇഎസ്‌ഐ വിസ്തൃതിയെക്കുറിച്ചുമാത്രമാണു പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഓരോ സംസ്ഥാനത്തിനും എത്ര കുറഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് ഉപയോഗിച്ചു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ന് പുറത്തിറക്കിയ നിരോധന ഉത്തരവ് ഭേദഗതി ചെയ്തതായി ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിന് ഈ ഭേദഗതിയോടെ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്ന് ജോയ്‌സ് ജോര്‍ജ് വ്യക്തമാക്കി.