മിസോറമിന്റെ ചരിത്രത്തിൽ എംഎൻഎഫിനു ലഭിച്ച ഏറ്റവും തിളക്കമുള്ള വിജയമാണ് ഇത്തവണത്തേത്. എംഎൻഎഫിന്റെ രൂപീകരണത്തിനു പിന്നിൽ മിസോ സമൂഹം നേരിട്ട അതിഭീകര വെല്ലുവിളിയുടെ കഥയുണ്ട്. എലികൾ വില്ലൻമാരായ കഥ! ബാംബൂ ഡെത്ത് എന്ന പ്രതിഭാസത്തിന്റെ അനന്തരഫലമായി ആയിരങ്ങൾ മരിച്ചുവീണപ്പോൾ തിരിഞ്ഞുനോക്കാതിരുന്ന അധികൃതർക്കെതിരെയുണ്ടായ പ്രക്ഷോഭത്തിൽനിന്നാണ് എംഎൻഎഫ് ഉയർന്നുവന്നത്. മറ്റൊരു ബാംബൂ ഡെത്ത് കാലത്ത് അധികാരത്തിലിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നതും എലികളെക്കൊല്ലാൻ മിസോറമിൽ സൈന്യമിറങ്ങേണ്ടിവന്നതും തൊട്ടടുത്ത വർഷം എംഎൻഎഫിനെ ജനം തൂത്തെറിഞ്ഞതും ചരിത്രത്തിന്റെ ഭാഗം.
88 ശതമാനത്തോളം വനഭൂമിയുള്ള സംസ്ഥാനമാണു മിസോറം. ഇതിന്റെ 30% മുളങ്കാടുകള്‍. 48 വർഷം കൂടുമ്പോൾ പൂവിടുകയും തുടർന്ന് ഉണങ്ങി നശിക്കുകയും ചെയ്യുന്ന മെലോകാന ബാസിഫെറ എന്നയിനം മുള മിസോ ജനതയുടെ എക്കാലത്തെയും പേടിസ്വപ്നമാണ്. ഉണങ്ങിത്തുടങ്ങുന്ന മുളയുടെ കായ്കൾ ഭക്ഷിക്കാൻ എലികൾ കൂട്ടമായെത്തും. ഏതാനും ആഴ്ചകൾകൊണ്ടുതന്നെ സംസ്ഥാനത്തെ ജനസംഖ്യയുടെ പതിന്മടങ്ങായി ഇവ പെറ്റുപെരുകും. വനങ്ങളിൽനിന്നിറങ്ങി എലികൾ കൃഷിഭൂമികൾ കൈയടക്കും. ഇതോടെ, ലഭ്യമായ 10% ഭൂമിയിൽ ചെയ്തുവന്ന സകല കൃഷിയും നശിക്കും. നെല്ലും കിഴങ്ങുവർഗങ്ങളും പൂർണമായും എലികൾ തിന്നുതീർക്കും. കനത്ത ഭക്ഷ്യക്ഷാമമാകും പിന്നീടുള്ള നാളുകളിൽ.
‘മോട്ടം’ എന്നാണു മിസോ ഭാഷയിൽ ബാംബൂ ഡെത്ത് അറിയപ്പെടുക. സ്വാതന്ത്ര്യാനന്തരം ആദ്യ മോട്ടം നേരിട്ടത് 1959 ലാണ്. അന്ന് അസമിലെ ഒരു ജില്ലയായിരുന്നു മിസോറം. വികസനം എത്തിനോക്കാത്ത പ്രദേശം. ഏതാണ്ടു പൂർണമായും കർഷകസമൂഹം. പാതി മുതൽ പൂർണമായി വരെ വിളവെത്തിയ കൃഷിയത്രയും എലികൾ തിന്നു നശിപ്പിച്ചു. ഒട്ടേറെപ്പേർ പട്ടിണിമൂലം മരിച്ചുവീണു. ഉൾവനങ്ങളിൽപോയി ആഴത്തിൽ കുഴിച്ചുകിട്ടിയ, എലി തിന്നിട്ടു ബാക്കിവന്ന കിഴങ്ങുകൾ ശേഖരിച്ചുകൊണ്ടുവന്നാണ് അന്ന് ജനം പട്ടിണി മാറ്റിയത്.
വിശപ്പും പകർച്ചവ്യാധികളും മൂലം ജനം മരിച്ചുവീഴുമ്പോഴും തിരിഞ്ഞുനോക്കാതിരുന്ന അധികൃതർക്കെതിരെ കർഷകർ സംഘടിച്ചു. മിസോ നാഷനൽ ഫാമിൻ ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ചു. അതിശക്തവും അപ്രതീക്ഷിതവുമായ പ്രക്ഷോഭമാണ് കർഷകരുടെ നേതൃത്വത്തിൽ അസം, കേന്ദ്ര സർക്കാരുകൾക്കെതിരെ അരങ്ങേറിയത്. ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തെത്തി. പട്ടിണിയില്ലാത്ത ദിവസങ്ങൾ മിസോ കുടുംബങ്ങളിൽ തിരിച്ചുവന്നു.
മോട്ടം കാലം പിന്നിട്ടിട്ടും എംഎൻഎഫ്എഫ് സജീവമായി നിലനിന്നു. കർഷക സംഘടനയിൽനിന്നു മാറി, 1961ൽ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയായി. സ്വതന്ത്ര സംസ്ഥാനമെന്ന ആവശ്യത്തിനു വേണ്ടിയായിരുന്നു തുടർന്നു പോരാട്ടം. 1972 ൽ കേന്ദ്രഭരണ പ്രദേശമായിട്ടും അടിസ്ഥാന ആവശ്യത്തിൽനിന്ന് എംഎൻഎഫ് പിൻമാറിയില്ല. ഒട്ടേറെ പോരാട്ടങ്ങൾ, അറസ്റ്റുകൾ... ഒടുവിൽ 1986 ൽ മിസോറം സംസ്ഥാനം രൂപംകൊണ്ടു.
‘മിസോറം സംസ്ഥാനം’ നേരിട്ട ആദ്യ മോട്ടം 2007 ൽ ആയിരുന്നു. തുടർച്ചയായ രണ്ടാംവട്ടവും അധികാരത്തിലെത്തിയ എംഎൻഎഫിന്റെ ഭരണം ഫോട്ടോഫിനിഷിലേക്കടുക്കുന്ന സമയം. പതിവുപോലെ എലികളിറങ്ങി, അനിയന്ത്രിതമായി പെറ്റുപെരുകി. കൃഷിഭൂമി മുതൽ വീട്ടിലിരുന്ന ധാന്യപ്പാത്രത്തിൽവരെ എലികൾ. പറ്റുന്ന തന്ത്രങ്ങളെല്ലാം ജനം പയറ്റി. എലിക്കെണികളും എലിവിഷവും സർക്കാർ നൽകി. എലികളെ കൊന്ന് അവയുടെ വാലുകൾ കൊണ്ടുവരുന്നവർക്ക് വാലിന്റെ എണ്ണത്തിനനുസരിച്ചു പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ, എലിവാലുകൾ ചാക്കുകളിലാക്കിയാണ് ആളുകൾ സർക്കാർ ഓഫിസുകൾക്കു മുന്നില്‍ ക്യൂനിന്നത്.
ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു. എലികളെ നശിപ്പിക്കാനും ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തെത്തിക്കാനും സൈന്യത്തെ നിയോഗിച്ചു. ജനങ്ങൾക്കൊപ്പം കാടുകയറി എലികളെ കൊന്നും അമിത വിഷപ്രയോഗം ആളുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ബോധവൽക്കരണം നടത്തിയുമൊക്കെ സൈന്യം മിസോ സമൂഹത്തിന്റെ കൂടെനിന്നു. ഈ സജീവ ഇടപെടൽ ഫലംചെയ്തു. മുൻപുണ്ടായതുപോലെ കൊടും ദാരിദ്ര്യവും പട്ടിണിമരണവും സംസ്ഥാനത്തുനിന്ന് അകന്നുനിന്നു. ഒന്നാം യുപിഎ സർക്കാരിന്റെ ഇടപെടലിന്, തൊട്ടടുത്ത വർഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചു മിസോ ജനത നന്ദി പറഞ്ഞു.
ഒരു മോട്ടം സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽനിന്നു മുളച്ച് സംസ്ഥാന രൂപീകരണം മുതൽ മിസോറമിന്റെ പുരോഗതിയുടെ നിർണായക നാഴികക്കല്ലുകൾക്കെല്ലാം അടിത്തറയിട്ട എംഎൻഎഫ്, തൊട്ടടുത്ത മോട്ടം കാലത്ത് അധികാരത്തിലിരുന്നപ്പോൾ കഴിഞ്ഞതൊക്കെ മറന്നതിനു പ്രതിഫലമെന്നോണം ജനം ആ പാർട്ടിയെയും മനഃപൂർവം മറന്നു. പത്തു വർഷത്തിനിപ്പുറം തങ്ങളെ നയിക്കാൻ അവർ എംഎൻഎഫിനെ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു; ചരിത്രത്തിലെ മികച്ച ഭൂരിപക്ഷത്തോടെ, അത്ര ആഴത്തിലുള്ള വിശ്വാസത്തോടെ.