Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറമിൽ കോൺഗ്രസ് 34 സീറ്റിൽനിന്ന് അഞ്ചിലേക്ക്; എംഎൻഎഫ് 26 സീറ്റുമായി ഭരണത്തിൽ

ഐസ്വാൾ∙ ഹിന്ദി ഹൃദയഭൂമിയിൽ വൻമുന്നേറ്റം നടത്തിയതിന്റെ ആഹ്ലാദത്തിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മിസോറമിലെ തിരഞ്ഞെടുപ്പു ഫലം. നാൽപതിൽ 34 സീറ്റും നേടി 2013ൽ ഇവിടെ അധികാരം നിലനിർത്തിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) ഇവിടെ ഭരണം ഉറപ്പിച്ചു. മുഴുവൻ സീറ്റുകളിലെയും ഫലം വന്നപ്പോൾ 26 സീറ്റുകളോടെയാണ് എംഎൻഎഫ് ഭരണം പിടിച്ചത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 21 സീറ്റു മതി.

അതേസമയം, കഴിഞ്ഞ തവണ 34 സീറ്റുകളിൽ വിജയിച്ച് തകർപ്പൻ വിജയം സ്വന്തമാക്കിയ കോൺഗ്രസ് ഇക്കുറി തകർന്നടിഞ്ഞു. ആകെ അഞ്ചു സീറ്റിൽ മാത്രമാണ് അവർക്കു വിജയിക്കാനായത്. മിസോറമിൽ തോൽവി ഉറപ്പാക്കിയതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് പൂർണമായും തൂത്തെറിയപ്പെട്ടു. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോൺഗ്രസ് മുക്ത് ഭാരത് എന്ന സങ്കൽപം വടക്കു കിഴക്കൻ മേഖലയിൽ യാഥാർഥ്യമായി.

ഇവിടെ കോൺഗ്രസിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുഖ്യമന്ത്രി ലാൽ തൻഹാവ്‍‌ല മൽസരിച്ച രണ്ടു സീറ്റിലും പരാജയപ്പെട്ടു. സൗത്ത് ചമ്പെയ്, സെർചിപ് മണ്ഡലങ്ങളിൽ മൽസരിച്ചാണ് മുഖ്യമന്ത്രി തോൽവിയറ്റു വാങ്ങിയത്. കാൽ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തന്‍ഹാവ്‌ല തന്നെയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭേദപ്പെട്ട പ്രകടനം ഇക്കുറിയും തുടർന്ന ബിജെപി, മിസോറമിൽ ആദ്യമായി അക്കൗണ്ട് തുറന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കു ചേക്കേറിയ ഡോ. ബുദ്ധ ധൻ ചക്മയാണ് മിസോറമിലെ ആദ്യ ബിജെപി അംഗം. തുയ്‌ചാവാങ്ങ് മണ്ഡലത്തിൽനിന്നുമാണ് ചക്മയുടെ വിജയം. എട്ടു മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്.

∙ എംഎൻഎഫ് ബിജെപിയുടെ ‘ബി’ ടീം

1998 ഡിസംബർ മുതൽ 2008 ഡിസംബർ വരെ മിസോറം ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിന്റെ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പു ഫലം. വികസനമില്ലായ്മ മുതലുള്ള പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ചാണ് പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്‍റെ ഭാഗമായ മിസോ നാഷനൽ ഫ്രണ്ടിന് സംസ്ഥാനത്ത് നല്ല വേരുകളുണ്ടെങ്കിലും ഒരു സഖ്യം വേണ്ടെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിനുള്ളത്. മിസോ നാഷനൽ ഫ്രണ്ടിനും സമാന കാഴ്ചപ്പാടു തന്നെയാണുള്ളത്. അതേസമയം, ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമുള്ളതിനാൽ ബിജെപിയെ സർക്കാരിൽ പങ്കാളിയാക്കില്ലെന്നാണ് ഫലം വന്നതിനു പിന്നാലെ എംഎൻഎഫ് പ്രസിഡന്റ് അറിയിച്ചത്.