മഥുര∙ ഞായറാഴ്ച ഉത്തർപ്രദേശിലെ മഥുരയിൽ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയതിന്റെ പേരിൽ രണ്ടു ഗ്രാമങ്ങളിൽ സംഘർഷാവസ്ഥ. കോസി കലൻ എന്ന ഗ്രാമത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മേഖലയിൽ അധികമായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സാർവഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, വാഹനത്തിൽ പശുക്കളെ കടത്തിക്കൊണ്ടുപോകുന്നതു കണ്ടതായി ജനക്പുരി സ്വദേശി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാഹനം നിർത്തിക്കാൻ ശ്രമിച്ചെങ്കിലും തന്റെ കാറിൽ ഇടിക്കാനാണ് അവർ ശ്രമിച്ചത്. ഇതേത്തുടർന്ന് കാർ മറിഞ്ഞുവെന്നും ഇയാൾ പരാതിയിൽ പറയുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.