Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലസ്ഥാനത്ത്‌ പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലി; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ∙ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്എഫ്ഐ പ്രവർത്തകർ നടുറോഡിൽ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു.. സിഗ്നൽ ലംഘിച്ച ബൈക്കു തടഞ്ഞുവെന്ന പേരിൽ എസ്എപി ക്യാംപിലെ വിനയചന്ദ്രൻ, ശരത് എന്നിവരാണ് നടുറോഡിൽ മർദനത്തിൽ അവശരായത്. ഗുരുതര പരുക്കേറ്റ പൊലീസുകാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാളയം യുദ്ധസ്മാരകത്തിന് സമീപം വൈകിട്ട് ആറിനാണ് സംഭവം. ഇരുപതോളം പേർ ചേർന്നു വഴിയാത്രക്കാർ നോക്കി നിൽക്കേയായിരുന്നു മർദനം. പൊലീസ് എത്താൻ വൈകിയതും സ്ഥിതിഗതികൾ രൂക്ഷമാക്കി. നടുറോഡിലെ ഗുണ്ടായിസം മൂലം ഗതാഗതവും താറുമാറായി. പൊലീസ് പിടികൂടിയ അക്രമി സംഘത്തെ നേതാക്കൾ എത്തി മോചിപ്പിച്ചു. ഇത്രയെല്ലാമായിട്ടും അക്രമത്തിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നതിനാ‍ൽ നടപടിക്കു ഭയന്നു നിൽക്കുകയാണ് പൊലീസെന്ന് ആരോപണമുണ്ട്.

sfi-activists-policemen

ട്രാഫിക് നിയമം ലംഘിച്ച് യുടേൺ എടുത്ത ബൈക്ക് ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. തർക്കിച്ച യുവാവ് യൂണിഫോമിൽ നിന്ന പൊലീസുകാരെ പിടിച്ചു തള്ളി. ഇതോടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. യുവാവ് ഇവരെയും മർദിച്ചു. പിന്നാലെ ഫോണിൽ യൂണിവേഴ്സിറ്റി കോളജിന് സമീപത്ത് നിന്ന വിദ്യാർഥികളെ വിളിച്ചു വരുത്തി.

അവരും ശരത്തിനൊപ്പം ചേർന്ന് പൊലീസുകാരെ മർദിച്ചു. ഇതിനിടെ ആക്രമണത്തിൽ നിന്നും ഓടിമാറിയ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയപ്പോഴേക്കും രണ്ടു പൊലീസുകാരെയും സംഘം മർദിച്ചു റോഡിൽ തള്ളിയിരുന്നു. വൈകിയെങ്കിലും സ്ഥലത്തെത്തി പൊലീസ് സംഘം അക്രമികളെ പിടികൂടി. ഇവരെ ജീപ്പിൽകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്എഫ്ഐ നേതാക്കൾ സ്ഥലത്തെത്തി പോലീസുകാരെ വിരട്ടി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയ്ക്കാൻ ആവശ്യപ്പെട്ടു.

കൂടുതൽ വിദ്യാർഥികളും നേതാക്കളും എത്തിയതോടെ നിസ്സഹായരായി പൊലീസുകാർ പിൻമാറി. അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും സാരമായ പരുക്കുണ്ട് പൊലീസുകാർക്കു മർദമേറ്റ സംഭവത്തിൽ സ്ഥലത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നു ഡപ്യൂട്ടി കമ്മിഷണർ ആർ.അദിത്യ അറിയിച്ചു. അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ ശ്രമം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

പൊലീസുകാരെ അക്രമിച്ചത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണെന്നു എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ എസ്എഫ്ഐ പ്രവർത്തകരില്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.