Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എഫ്ഐ പ്രവർ‌ത്തകർ പൊലീസുകാരെ തല്ലിയ സംഭവം: അറസ്റ്റ് ഒഴിവാക്കി പൊലീസ്

sfi-attack-on-police-1

തിരുവനന്തപുരം∙ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം. സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റാണു വൈകിപ്പിക്കുന്നത്. പ്രതികൾക്കു രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുകയാണെന്നാണ് ആക്ഷേപം. കീഴടങ്ങാൻ അവസരം ഉദ്യോഗസ്ഥർ തന്നെ നൽകുകയാണെന്നും വിമർശനമുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഭാരവാഹിയും പ്രവർത്തകനുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടയയ്ക്കാൻ രാഷ്ട്രീയ സമ്മർദവും ഉണ്ടായി. ഭരണകക്ഷി നേതാക്കളുടെ സമ്മർദം കാരണം പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ക്രൂരമായി മർദിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണു സംഭവം. ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ സിഗ്നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർഥി ആക്രമിച്ചു.

മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തു.