ഹൈദരാബാദ് ∙ രാജ്യത്തെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊലപാതകം. തെലങ്കാനയിൽ ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിനു യുവതിയെ വീട്ടുകാർ തീ കൊളുത്തിക്കൊന്നു. ഹൈദരാബാദിൽനിന്ന് 250 കിലോമീറ്റർ ദൂരെ മഞ്ചേരിയൽ ജില്ലയിലെ കാലമഡുഗു ഗ്രാമത്തിലാണു സംഭവം. ബിരുദ വിദ്യാർഥിയും എ.ലക്ഷ്മണിന്റെ ഭാര്യയുമായ അനുരാധ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുരാധയുടെ മാതാപിതാക്കളായ സത്തേന, ലക്ഷ്മി എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
അയൽവാസികളായ അനുരാധയും ലക്ഷ്മണും ദീർഘനാളത്തെ പ്രണയത്തിനു ശേഷം ഈ മാസം മൂന്നിനാണു വിവാഹിതരായത്. ലക്ഷ്മൺ ഇതര ജാതിയിൽപ്പെട്ട ആളായതിനാൽ ബന്ധത്തെ അനുരാധയുടെ കുടുബം എതിർത്തിരുന്നു. ഇതിനെത്തുടർന്നു ഹൈദരാബാദിലേക്ക് ഒളിച്ചോടിയാണ് ഇരുവരും വിവാഹിതരായത്. ഇതിനു ശേഷം ശനിയാഴ്ചയാണ് ലക്ഷ്മണും അനുരാധയും തിരികെ നാട്ടിലെത്തുന്നത്.
ഇതറിഞ്ഞ അനുരാധയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും ലക്ഷ്മണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അനുരാധയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. നിർമൽ ജില്ലയിലെ മല്ലാപൂരിലേക്കാണ് അനുരാധയെ കൊണ്ടുപോയത്. ഇവിടെവച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ചാരം പുഴയിൽ ഒഴുക്കുകയായിരുന്നുവെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.