ഹൈദരാബാദ്∙ നികുതി അടയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ട് ചരക്ക് സേവനനികുതി വകുപ്പ് മരവിപ്പിച്ചു. 2007–08 വർഷത്തിൽ അടയ്ക്കേണ്ട സേവനനികുതിയില്‍ കുടിശിക വരുത്തിയതിനെ തുടർന്നാണു നടപടി.
നടനെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ച് ഹൈദരാബാദ് ജിഎസ്ടി കമ്മിഷനറേറ്റ് വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം താരം നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് 18.5 ലക്ഷം രൂപയാണ്. നികുതി, പിഴ, പലിശ എന്നിവയുൾപ്പെടെ 73.5 ലക്ഷം രൂപ പിരിച്ചെടുക്കുന്നതിനായി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് അധികൃതർ മരവിപ്പിച്ചത്.
പ്രശ്നം പരിഹരിക്കാൻ മഹേഷ് ബാബുവിന് സാധിക്കാതിരുന്നതോടെയാണു നടപടികളിലേക്കു കടന്നതെന്ന് ജിഎസ്ടി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആക്സിസ് ബാങ്ക് അക്കൗണ്ടിൽനിന്ന് 42 ലക്ഷം രൂപയാണു തിരിച്ചുപിടിച്ചത്. ബാക്കി തുക അടയ്ക്കാൻ ഐസിഐസിഐ ബാങ്കിനെയും സമീപിച്ചിട്ടുണ്ട്. ബാങ്ക് ഇതിനു തയാറാകാതിരുന്നാൽ അവർക്കെതിരെയും നടപടിയുണ്ടാകും. നിലവിലെ സാഹചര്യത്തിൽ കുടിശിക തീർപ്പാക്കുന്നതുവരെ രണ്ട് അക്കൗണ്ടുകൾ വഴിയും ഇടപാടുകൾ നടത്താൻ മഹേഷ് ബാബുവിന് സാധിക്കില്ല.