Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേരും മാറ്റും: തെലങ്കാന ബിജെപി

5_Charminar-(1) ഹൈദരാബാദ് നഗരത്തിന്റെ പ്രതീകമായ ചാർമിനാർ. – ഫയൽ ചിത്രം.

ഹൈദരാബാദ്∙ തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഹൈദരാബാദ് നഗരത്തിന്റെ പേരു മാറ്റുമെന്ന് ബിജെപി. ഹൈദരാബാദ് ഉൾപ്പെടെ‌യുള്ള നഗരങ്ങളുടെ പേരുകൾ മാറ്റി മഹദ്‌വ്യക്തികളുടെയും മറ്റും പേരിടുമെന്ന് തെലങ്കാനയിലെ ബിജെപി നേതാവ് രാജാ സിങ് വ്യക്തമാക്കി.

ഡിസംബര്‍ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ബിജെപി സർക്കാരിന്റെ ആദ്യ പരിഗണന നൽകുക വികസനത്തിനാകും. രണ്ടാമതായി ഇത്തരം നഗരങ്ങളുടെ പേരു മാറ്റി പുതിയവ പ്രഖ്യാപിക്കും. രാജ്യത്തിനും തെലങ്കാനയ്ക്കും ധർമത്തിനുമായി പ്രവർത്തിച്ചവരുടെ പേരുകൾ വേണം നഗരങ്ങൾക്കും നൽകേണ്ടത് – മുൻ നിയമസഭാംഗം കൂടിയായ രാജാ സിങ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

16ാം നൂറ്റാണ്ടിൽ ഹൈദരാബാദ് ഭരിച്ച കുതബ് ഷാഹിസ് ആണ് ‘ഭാഗ്യനഗർ’ എന്ന പേര് മാറ്റിയത്. പല നഗരങ്ങളുടെയും പേര് അവർ മാറ്റി. സെക്കന്ദരാബാദും കരിംനഗറും ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ‘മുസ്‌ലിം രഹിത ഇന്ത്യ’യാണ് വേണ്ടതെന്ന എഐഎംഐഎം പ്രസിഡന്റ് അസാസുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയോടും സിങ് പ്രതികരിച്ചു. ഒവൈസിയെ മുസ്‍‌ലിംകൾ വിശ്വസിക്കരുതെന്നും ഒവൈസി എപ്പോഴും തെലങ്കാനയ്ക്ക് എതിരായാണു സംസാരിക്കുന്നതെന്നും സിങ് പറഞ്ഞു.

related stories