ചെന്നൈ∙ തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഡിഎംകെ നേതാവിന് പത്ത് വർഷം തടവുശിക്ഷ. മുൻ എംഎൽഎ എ.എം.രാജ്കുമാറിനാണ് ജനപ്രതിനിധികൾ ഉൾപ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന കോടതി ശിക്ഷയും 42,000 രൂപ പിഴയും വിധിച്ചത്.
2012ൽ രാജ്കുമാർ പെരുംമ്പലൂർ എംഎൽഎയായിരിക്കെയാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊന്നത്. കേസിൽ രാജ്കുമാറിന്റെ ഡ്രൈവർ മഹേന്ദ്രൻ, സഹായി ജയശങ്കർ എന്നിവരും അറസ്റ്റിൽ ആയിരുന്നു. ജയശങ്കറിനും പത്തു വർഷം തടവു ശിക്ഷയും 42,000 രൂപ പിഴയും ചുമത്തിയ കോടതി മഹേന്ദ്രനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി.
ഇടുക്കി പീരുമേട് സ്വദേശിയാണ് മരിച്ച പെൺകുട്ടി. എംഎൽഎയുടെ വീട്ടിൽ സഹായത്തിനു നിന്ന പെൺകുട്ടിക്കു വിദ്യാഭ്യാസ സഹായം വാഗ്ദാനം നൽകിയായിരുന്നു പീഡനം.