കൊല്ലം∙ വനിതാ മതിലിനായി കൊല്ലം പെരിനാട് പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ഒരു വിഭാഗം സ്ത്രീകൾ ഇറങ്ങിപ്പോയി. തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എന്നു പറഞ്ഞു നിർബന്ധിച്ചു വിളിച്ചു വരുത്തി വനിതാ മതിലിനെപ്പറ്റി പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇറങ്ങിപ്പോക്ക്. അതേസമയം, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെ വനിതാ മതിലിന്റെ ഭാഗമാകാൻ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ചു ബിജെപി പ്രവർത്തകർ യോഗത്തിലേക്കു തള്ളിക്കയറി.
തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചുവരുത്തിയശേഷം വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഞ്ചായത്ത് അധിക്യതർ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകൾ പ്രതിഷേധിച്ചത്. സിഡിഎസ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിൽ വനിത മതിലിനെ അനുകൂലിച്ചു മറ്റൊരു വിഭാഗം സ്ത്രീകൾ മുദ്രവാക്യം വിളിച്ചതോടെ രംഗം വഷളായി.
സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ യോഗം നടന്നിരുന്ന പെരിനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിലേക്കു തള്ളിക്കയറി. പൊലീസ് എത്തിയാണു രംഗം ശാന്തമാക്കിയത്. ബഹളത്തെ തുടർന്നു യോഗം വേഗത്തിൽ പിരിച്ചുവിട്ടു പഞ്ചായത്ത് അധിക്യതരും സ്ഥലം വിട്ടു.