സിനിമക്കാരെ ഭയമില്ല, ഏതു കൊമ്പത്തെ വമ്പനായാലും നടപടി: കോടതി ഇടപെടണമെന്ന് എ.കെ. ബാലൻ
കോട്ടയം ∙ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി.
കോട്ടയം ∙ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി.
കോട്ടയം ∙ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി.
കോട്ടയം ∙ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. ഒരു ഘട്ടത്തിൽ പ്രവർത്തനം സ്തംഭിക്കുമെന്നു വന്നപ്പോൾ മുഖ്യമന്ത്രിയാണ് ഇടപെട്ടത്. സിനിമാക്കാരെ ഭയമില്ല, മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇച്ഛാശക്തിയുള്ള സർക്കാരാണ് പിണറായി വിജയന്റേതെന്നും എ.കെ. ബാലൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നല്ലോ. കമ്മിറ്റിയെ നിയോഗിച്ച സമയത്തെ സാംസ്കാരിക മന്ത്രിയെന്ന നിലയിൽ എന്താണു പറയാനുള്ളത് ?
സിനിമാ വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുന്ന സമയത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. ഒരു പടമെടുത്താൽ റിലീസിനു തിയേറ്റർ കിട്ടില്ലെന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. എ ക്ലാസ് തിയറ്ററുകൾ നിയന്ത്രിക്കുന്ന ചില തൽപര കക്ഷികളാണ് റിലീസ് നിയന്ത്രിച്ചിരുന്നത്. ബി, സി ക്ലാസുകളിൽ പടമെത്തുമ്പോഴേക്കും കാണാൻ ആളില്ലാത്ത അവസ്ഥയാകുമായിരുന്നു. ഈ ഘട്ടത്തിലാണ് സിനിമാ വ്യവസായത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ വൈഡ് റിലീസ് ഉറപ്പുവരുത്തിയത്. മുഖ്യമന്ത്രിയും ഞാനും ആലോചിച്ചപ്പോൾ വൈഡ് റിലീസല്ലാതെ മാർഗമില്ല.
പൊലീസ് സംരക്ഷണത്തോടെയാണ് ബി,സി ക്ലാസുകളിൽ സിനിമകൾ റിലീസ് ചെയ്തത്. ഒരു പ്രതിസന്ധി പരിഹരിക്കുന്നതിന്റെ തുടക്കമായിരുന്നു ഇത്. ഗ്രാമപ്രദേശങ്ങളിൽ കെഎസ്എഫ്ഡിസി 20 തിയേറ്ററുകൾ ആരംഭിച്ചു. സത്യന്റെ പേരിൽ ചലച്ചിത്ര അക്കാദമിക്കു വേണ്ടി അതിമനോഹരമായ കെട്ടിടം പണിതു. ഇങ്ങനെ നിരവധി പദ്ധതികൾ ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കി. അതിനു മുൻപുണ്ടായിരുന്ന ഒരു സർക്കാരിനും ചെയ്യാൻ പറ്റാത്ത, ഇനി ഒരു സർക്കാരിനും ആലോചിക്കാൻ പോലുമാവാത്ത കാര്യങ്ങളാണ് സിനിമാ മേഖലയിൽ ഞങ്ങൾ ചെയ്തത്. നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അതിനെപ്പറ്റിയുള്ള വിവാദങ്ങളും ഉയർന്നുവരുന്നത്. ചിലർ മുഖ്യമന്ത്രിയെ കണ്ട് അവരുടെ വിഷമങ്ങളും ആവശ്യങ്ങളും പറഞ്ഞു. അതിനുശേഷം ഞാനും മുഖ്യമന്ത്രിയും ആലോചിച്ചാണ് ഹേമ കമ്മിറ്റി നിലവിൽ വരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കാൻ രണ്ട് വർഷത്തോളമെടുത്തു. അവർക്കു മുന്നോട്ടു പോകാൻ കഴിയാത്ത പല പ്രശ്നങ്ങളുമുണ്ടായി. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. ഒരു ഘട്ടത്തിൽ പ്രവർത്തനം സ്തംഭിച്ചുപോകുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു. ‘ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്’ എന്നു കമ്മിറ്റി അംഗങ്ങളായ ശാരദയും വത്സലകുമാരിയും എന്നോടു പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം മറ്റു ചില ബുദ്ധിമുട്ടുകളും അവർക്കുണ്ടായിരുന്നു. എന്തു പ്രതിസന്ധി ഉണ്ടായാലും ശക്തമായി മുന്നോട്ടുപോകണമെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. അങ്ങനെയാണ് ഹേമ കമ്മിറ്റി അവരുടെ ദൗത്യം നിർവഹിക്കുന്നത്.
∙ ഹേമ കമ്മിറ്റി അഭിമുഖീകരിച്ച പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു ?
ഈ വിഷയങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ വരുമല്ലോ. സാധാരണ നിലയിൽ പലരും മടിക്കുന്ന കാര്യങ്ങളാണ് ഇതിൽ ഭൂരിപക്ഷവും. ഇതിലുള്ളതൊക്കെ പുറത്തുവന്നാൽ പലരുടെയും ദാമ്പത്യ ബന്ധങ്ങളെപ്പോലും ബാധിക്കും. പൊതുസമൂഹത്തിന്റെ മുന്നിൽ നാറുന്ന പ്രശ്നങ്ങളുമുണ്ടായിരുന്നു. ‘നിങ്ങൾ എന്തു പറഞ്ഞാലും അതെല്ലാം ഞങ്ങൾ രഹസ്യമായി സൂക്ഷിക്കും’ എന്ന് ജസ്റ്റിസ് ഹേമ അവർക്ക് ഉറപ്പുകൊടുത്തു. മൊഴി പോലും പുറത്താരും അറിയില്ലെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് പലരും നിർഭയമായി കാര്യങ്ങൾ തുറന്നുപറഞ്ഞത്. റിപ്പോർട്ട് നൽകിയ ശേഷം രണ്ടാമത്തെ മാസം തന്നെ ജസ്റ്റിസ് ഹേമ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. ‘ഞങ്ങൾ നൽകിയ റിപ്പോർട്ടിൽനിന്ന് വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒരു രൂപത്തിലും പ്രസിദ്ധീകരിക്കാൻ പാടില്ലെ’ എന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ കൂടെ 400 പേജുള്ള വേറൊരു റിപ്പോർട്ടുണ്ട്. രേഖകളും മൊഴികളുമൊക്കെയുള്ളതാണ്. അതൊന്നും സർക്കാരിന്റെ പക്കലില്ല.
∙ റിപ്പോർട്ട് പുറത്തുവിടുന്നതിലെ പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു. റിപ്പോർട്ടിനു മേൽ നാലര വർഷം സർക്കാർ അടയിരുന്നു എന്നാണല്ലോ പ്രധാന വിമർശനം ?
ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടുന്നതിനു മുൻപുതന്നെ എന്റെ മുന്നിൽ അടൂർ ഗോപാലകൃഷ്ണന്റെ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ അദ്ദേഹം ഇതു സംബന്ധിച്ച് കുറേ കാര്യങ്ങളും പ്രതിവിധികളും പറയുന്നുണ്ട്. അതിൽ ഒന്നാണ് റഗുലേറ്ററി അതോറിറ്റിയുടെ രൂപീകരണം. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. ആ റിപ്പോർട്ടിലും അതിനു സമാനമായ നിർദേശമുണ്ടായിരുന്നു. അതായിരുന്നു ട്രൈബ്യൂണൽ വേണമെന്ന നിർദേശം. അതിന്റെ തുടർനടപടികളിലേക്ക് പോകാൻ കഴിയാത്തതിന്റെ പ്രധാന പ്രശ്നം കോവിഡായിരുന്നു. കോവിഡ് വന്നതോടെ സിനിമ മേഖല സ്തംഭിച്ചു. കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാകും എന്ന പ്രക്രിയയിലേക്ക് പോകുമെന്നതിനാൽ നിർത്തിവച്ചു. ഈ ഒരു ഘട്ടത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ വിവരവകാശ കമ്മിഷനിൽ എത്തുന്നത്.
∙ സർക്കാർ ഈ റിപ്പോർട്ടിന്മേൽ സ്വീകരിക്കുന്ന തുടർനടപടികൾ എന്തായിരിക്കും ?
ഇതിൽ സർക്കാർ ക്രിമിനൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. കമ്മിറ്റി പറയും പോലെ ട്രൈബ്യൂണൽ രൂപീകരിച്ചാൽ സിവിൽ കേസുകൾ മാത്രമേ പരിഹരിക്കാൻ സാധിക്കൂ. അല്ലെങ്കിൽ പ്രത്യേക നിയമ നിർമാണം നടത്തേണ്ടി വരും. സുവോ മോട്ടോ കേസ് എടുക്കാനും സർക്കാരിനു സാധിക്കില്ല. ‘ഞങ്ങൾ കാണാമറയത്തു നിൽക്കാം, സർക്കാർ കുറ്റവാളികളെ കണ്ടുപിടിക്കൂ’ എന്നു പറഞ്ഞാൽ നിയമവ്യവസ്ഥയിൽ അതിനു കഴിയില്ല. ഇവരുടെ പേരുകളൊന്നും വെളിപ്പെടുത്താൻ കഴിയില്ല. ഇതു വ്യക്തികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ സംബന്ധിക്കുന്ന വിഷയമാണ്.
മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കോടതിക്ക് ഇടപെട്ടുകൂടേ എന്നാണ് എന്റെ ചോദ്യം. സർക്കാർ കേസ് എടുക്കണമെന്ന് കമ്മിറ്റി റിപ്പോർട്ട് പറയുന്നില്ല. റിപ്പോർട്ടിൽ ഇരയുടെയും പ്രതിയുടെയുമൊന്നും പേരുകളില്ല. കോടതി ഒരു തീരുമാനമെടുക്കണം, അതു മാത്രമാണ് വഴി. ഇരകളെ സംരക്ഷിക്കാൻ സർക്കാർ അസാമാന്യ ഇടപെടലാണ് നടത്തിയത്.
∙ സിനിമ മേഖലയിലുള്ളവരെ പിണക്കുന്നത് സർക്കാരിനു ദോഷം ചെയ്യുമെന്ന ആശങ്കയുണ്ടോ?
അങ്ങനെയൊന്നുമില്ല. അങ്ങനെയുണ്ടെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടപടിയുണ്ടാകുമായിരുന്നില്ലല്ലോ. മുഖം നോക്കാതെ നടപടിയെടുക്കുന്ന സർക്കാരാണിത്. ഇച്ഛാ ശക്തിയുള്ള സർക്കാരാണ് പിണറായിയുേടത്.
∙ സാംസ്കാരിക മന്ത്രി പറയും പോലെ സിനിമ കോൺക്ലേവ് കൊണ്ട് പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ കഴിയുമോ ?
കോൺക്ലേവ് നടത്തി പ്രശ്നങ്ങളൊക്കെ എന്താണെന്ന് അറിയട്ടെ. ആദ്യം ഈ റിപ്പോർട്ടിനെ ‘റെയിലിനു മുകളിലാക്കണം’. എന്നാലേ ഇത് ഓടൂ. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയെ ശക്തിപ്പെടുത്തിയാലും മതി.
∙ റിപ്പോർട്ടിന്റെ പുറത്തുവരാത്ത ഭാഗങ്ങൾ എല്ലാക്കാലവും അങ്ങനെതന്നെയിരിക്കണമെന്നാണോ ?
അങ്ങനെ ഇരിക്കരുതെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിന് അപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. പരിമിതികളോടെയാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
∙ പരാതിക്കാരായ ചലച്ചിത്രപ്രവർത്തകർ മുന്നോട്ടുവന്നാൽ കേസെടുക്കാൻ പൊലീസ് തയാറാകുമോ? സർക്കാർ അവർക്ക് സംരക്ഷണം നൽകുമോ?
സർക്കാരിന് അക്കാര്യത്തിലൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. മൊഴി കൊടുത്ത ഏതെങ്കിലും ഒരാൾ ഒരു പരാതി തന്നാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കും.
∙ മന്ത്രിസഭയിലെ ഒരു അംഗത്തിന്റെയും ഒരു ഭരണപക്ഷ എംഎൽഎയുടെയും പേരുകൾ ഈ റിപ്പോർട്ടിൽ ഉണ്ടെന്ന് വ്യാപക പ്രചാരണമുണ്ടല്ലോ?
പ്രചാരണമൊക്കെ അങ്ങനെ നടക്കും. അതിന് ആ മന്ത്രി വ്യക്തമായി മറുപടി പറഞ്ഞിട്ടുണ്ട്.