ക്വാലലംപുർ ∙ ഒരിക്കൽക്കൂടി യന്ത്രത്തകരാർ ഹാമിൽട്ടനെ ചതിച്ചു. ഫോർമുല വൺ കാറോട്ടത്തിന്റെ മലേഷ്യൻ ഗ്രാൻപ്രിയിൽ മിക്കവാറും മുന്നിട്ടുനിന്ന ശേഷമാണു ഹാമിൽട്ടന്റെ വിജയമോഹങ്ങൾ കത്തിയമർന്നത്. റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡോ ഒന്നാമതും സഹതാരം മാക്സ് വെസ്തപ്പൻ രണ്ടാമനായും പോഡിയം കയറി. മൂന്നാം സ്ഥാനത്തെത്തിയ മെഴ്സിഡീസ് താരം നിക്കോ റോസ്ബർഗ് ചാംപ്യൻഷിപ് ലീഡ് ഭദ്രമാക്കി.
നിലവിൽ ഹാമിൽട്ടന്റെ 265 പോയിന്റിനെതിരെ റോസ്ബർഗിന് 288 പോയിന്റുണ്ട്. 23 പോയിന്റിന്റെ മേൽക്കൈ. 204 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഡാനിയൽ റിക്കാർഡോ മൽസരമുഖത്ത് സാന്നിധ്യമറിയിച്ചതാണ് മലേഷ്യൻ ഗ്രാൻപ്രിയുടെ സവിശേഷത. തുടർന്നുള്ള മൽസരങ്ങളിൽ മികവു തുടർന്നാൽ റിക്കാർഡോയ്ക്കും ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ കണ്ണു വയ്ക്കാം. കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിലും മെഴ്സിഡീസിനു റെഡ് ബുൾ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. 553 പോയിന്റുള്ള മെഴ്സിഡീസിന് ഏറെപ്പിന്നിൽ 359 പോയിന്റാണ് നിലവിൽ റെഡ് ബുള്ളിന്.