ബൽജിയം ഗ്രാൻപ്രിയിൽ റോസ്ബർഗിനു ജയം

സ്പാ ഫ്രാങ്കർഷാംപ്സ്∙ ഫോർമുല വൺ കാറോട്ട ചാംപ്യൻഷിപ്പിൽ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം സീസണിന്റെ രണ്ടാം പകുതി തുടങ്ങിയത് റോസ്ബർഗിന്റെ വിജയത്തോടെ. ഇന്നലെ നടന്ന ബൽജിയം ഗ്രാൻപ്രിയിൽ മെഴ്സിഡീസിനു വേണ്ടി നിക്കോ റോസ്ബർഗ് ഒന്നാമതെത്തിയപ്പോൾ ചാംപ്യൻഷിപ് ലീഡർ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൻ പ്രതിസന്ധികൾ അതിജീവിച്ച് മൂന്നാമതായെത്തി.

റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡോയാണു രണ്ടാം സ്ഥാനത്ത്. ഇതോടെ ഹാമിൽട്ടന്റെ 232 പോയിന്റിനെതിരെ 223 പോയിന്റോടെ ചെറിയോരു കുതിപ്പു നടത്തി റോസ്ബർഗ്. മൽസരത്തിനു മുൻപേ ഹാമിൽട്ടൻ തോൽവി സമ്മതിച്ചിരുന്നു. കഴിഞ്ഞ മൽസരത്തിൽ മൂന്നു വട്ടം എൻജിൻ മാറ്റിയതിനാൽ 60 ഗ്രിഡ് പോയിന്റ് പിഴ ലഭിച്ച ഹാമിൽട്ടൻ ഗ്രിഡിൽ അവസാന നിരയിൽ നിന്നാണു മൽ‌സരം തുടങ്ങിയത്.

ആദ്യ പത്തിൽ ഇടം പിടിക്കാൻ ബുദ്ധിമുട്ടാണെന്നു സമ്മതിച്ച ഹാമിൽട്ടൻ പക്ഷേ, മനോഹരമായ ഡ്രൈവിങ്ങിലൂടെ മൂന്നാം സ്ഥാനത്തെത്തി. നാലാമതെത്തിയ നിക്കോ ഹൾക്കൻബർഗും അഞ്ചാമതെത്തിയ സെർജിയോ പെരസും ടീം ഫോഴ്സ് ഇന്ത്യയെ കാർ നിർമാതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർത്തി.