ഹൈദരാബാദ് ∙ റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ബാഡ്മിന്റൻ താരം പി.വി.സിന്ധു, ഗുസ്തി താരം സാക്ഷി മാലിക്, ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ, ബാഡ്മിന്റൻ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവർക്ക് സച്ചിൻ തെൻഡുൽക്കറുടെ സമ്മാനമായി ബിഎംഡബ്ളിയു ആഡംബരകാർ.
ഇന്ത്യൻ ടീമിന്റെ ഗുഡ്‌വിൽ അംബാസഡറായിരുന്ന സച്ചിന്റെ സമ്മാനം ഗോപിചന്ദ് ബാഡ്മിന്റൻ അക്കാദമിയിൽ നടന്ന ചടങ്ങിൽ കൈമാറി. ഇതൊരു അവിസ്മണീയ നിമിഷമാണ്. ഇതൊരു വലിയ യാത്രയുടെ തുടക്കവും കൂടിയാണ്. ഇവിടെ അവസാനിക്കാനുള്ളതല്ല ഈ നേട്ടങ്ങളൊന്നും. റിയോയിൽ ഇന്ത്യയുടെ യശസ്സുയർത്തിയ നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു, സന്തോഷിക്കുന്നു – സച്ചിൻ പറഞ്ഞു.
ബാഡ്മിന്റനിൽ പ്രതിഭകളെ സമ്മാനിക്കുന്ന ഗോപിചന്ദിനെ പ്രത്യേകം അഭിനന്ദിക്കാനും സച്ചിൻ മറന്നില്ല. മുൻപൊരിക്കൽ സ്വിഫ്റ്റ് ഡിസയർ കാർ സമ്മാനമായി ലഭിച്ച സമയത്തു തന്നോടു സച്ചിൻ പറഞ്ഞ കാര്യം പി.വി.സിന്ധു ഓർമിച്ചു. ഒളിംപിക്സിൽ മെഡൽ നേടിയാൽ മറ്റൊരു കാർ സമ്മാനിക്കാം എന്നതായിരുന്നു ആ വാഗ്ദാനം. അതിപ്പോൾ യാഥാർഥ്യമായി– ബാഡ്മിന്റൻ വെള്ളിമെഡൽ ജേതാവായ സിന്ധു അനുസ്മരിച്ചു.