തിരുവനന്തപുരം ∙ കായികമേഖലയിൽ കുട്ടികൾ വളർന്നുവരാൻ വിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും ഒന്നിച്ചു നീങ്ങണമെന്നും സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ കായികരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ‘റിയോ ഒളിംപിക്സ് താരങ്ങൾക്കു കായിക കേരളത്തിന്റെ ആദരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കായിക മേഖലയിൽ കുറവുകൾ ധാരാളമുണ്ട്. ആ കുറവുകൾ പരിഹരിക്കാനാണു സർക്കാരിന്റെ ശ്രമം. വിദ്യാലയങ്ങളിൽനിന്നുതന്നെ കായിക പ്രതിഭകളെ കണ്ടെത്താൻ ശ്രമിക്കണമെന്നും കായിക മേഖലയിലെ വളർച്ചയ്ക്ക് എല്ലാവിധ സൗകര്യങ്ങളും സഹായങ്ങളും സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒളിംപിക്സിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ താരങ്ങളെ ആദരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും ഏഷ്യൻ ബീച്ച് ഗെയിംസ് കേരളത്തിൽ നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
ഒളിംപിക്സിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ്, റിലേ താരങ്ങളായ അനിൽഡ തോമസ്, കുഞ്ഞുമുഹമ്മദ്, മാരത്തൺ താരങ്ങളായ ടി.ഗോപി, ഒ.പി.ജെയ്ഷ, നീന്തൽ താരം സജൻ പ്രകാശ്, അത്‌ലീറ്റുകളായ മുഹമ്മദ് അനസ്, ജിൻസൺ ജോൺസൺ പരിശീലകരായ രാധാകൃഷ്ണൻ നായർ, പ്രദീപ് കുമാർ, മുഹമ്മദ് കുഞ്ഞി, നിഷാദ് കുമാർ, ഒഫിഷ്യൽസുമാരായ വി.എൻ.പ്രസൂദ്, എസ്.മുരളീധരൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ, വി.എസ്.ശിവകുമാർ എംഎൽഎ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, വൈസ് പ്രസിഡന്റ് മേഴ്സികുട്ടൻ, സെക്രട്ടറി സഞ്ജയൻകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ്, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, കൗൺസിൽ പ്രതിനിധികളായ ഡി.ബി.ബിനീഷ്, രഞ്ജിത്, ജോർജ് തോമസ്, ഡി.വിജയകുമാർ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.
ദേശീയ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജോലി അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ടു മെഡൽ ജേതാക്കളും റിയോ ഒളിംപിക് താരങ്ങളുമായ സജൻ പ്രകാശും അനിൽഡ തോമസും മുഖ്യമന്ത്രിക്കു നിവേദനം നൽകി.