ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിലെ മോശം പ്രകടനത്തിൽ അത്‌ലിറ്റുകളെയും പരിശീലകരെയും വിമർശിച്ച് സായിയുടെ റിപ്പോർട്ട്. സായ് ഡയറക്ടർ ജനറൽ ഇഞ്ചെട്ടി ശ്രീനിവാസ് തയാറാക്കിയ റിപ്പോർട്ടിൽ ടോക്കിയോ ഒളിംപിക്സിൽ പ്രകടനം മെച്ചപ്പെടുത്താൻ പരിഹാരങ്ങളും നിർദേശിക്കുന്നുണ്ട്.
പരിശീലകരെ, പ്രത്യേകിച്ചും വിദേശത്തു നിന്നുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ അതിസൂക്ഷ്മമായ പരിശോധന, മെഡൽ നേടാൻ സാധ്യതയുള്ള കായിക ഇനങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നിയുള്ള മുന്നൊരുക്കം എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ഇതിനായി കായിക ഇനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നീന്തൽ, ട്രയാത്‌ലൺ, ഫെൻസിങ്, ജൂഡോ, തെയ്ക്വാണ്ടോ എന്നിവ ഇന്ത്യയ്ക്ക് പങ്കാളിത്തം മാത്രം ഉറപ്പു വരുത്താനുള്ള ഇനങ്ങളാണ്. അത്‌ലറ്റിക്സ് ഉൾപ്പെടുന്ന വിഭാഗമാണ് രണ്ടാമത്തേത്ത്. കുറച്ചുകൂടി നന്നായി പരിശ്രമിച്ചാൽ ആദ്യ എട്ട്–പത്ത് സ്ഥാനങ്ങളിൽ ഇടം പിടിക്കാം. ബാഡ്മിന്റൻ, ബോക്സിങ്, ഗുസ്തി തുടങ്ങിയ മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളാണ്. ഇത്തരം 4–6 വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിയോയിൽ ശരിയായ മുന്നൊരുക്കമില്ലാത്തതു മൂലം ചില താരങ്ങൾക്ക് നൂറു ശതമാനം ശാരീരിക ക്ഷമതയില്ലാതെ മൽസരത്തിനിറങ്ങേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനു സംഭവിച്ചത് ഇതാണ്. ഒളിംപിക്സിനു മുൻപുള്ള ചാംപ്യൻഷിപ്പുകളിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടുത്തു പോലും റിയോയിൽ പലരും എത്തിയില്ല. ലോങ്ജംപ് താരം അങ്കിത് ശർമ, ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരി എന്നിവരെ ചൂണ്ടിയുള്ളതാണ് ഈ കണ്ടെത്തൽ. മെഡൽ നേടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ എന്നിവരെ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നു. കടുത്ത മൽസരക്രമം ബോക്സിങ് താരങ്ങൾക്കു തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.