Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില തുച്ഛം; ‌ഗുണം മെച്ചം

PTI8_19_2016_000317a

ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിൽ പങ്കെടുത്ത 117 ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തിനായി ആകെ ചെലവിട്ടത് 36.85 കോടി. ഇതിൽ മെഡൽ നേടിയ പി.വി. സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും പരിശീലനത്തിനു വേണ്ടിവന്നത് വെറും 1.66 ശതമാനം മാത്രം. 2015 മാർച്ച് മുതൽ 2016 ഓഗസ്റ്റ് 22 വരെ ടാർഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയിലൂടെയാണ് (ടോപ്സ്) തുക ചെലവിട്ടത്. രാജ്യാന്തര തലത്തിൽ ഇൗ തുക വളരെ കുറവാണെങ്കിലും ഇന്ത്യയിൽ ചില കായിക ഇനങ്ങൾക്കും താരങ്ങൾക്കും വളരെയേറെ തുക നൽകിയപ്പോൾ, ചിലതിനാകട്ടെ കിട്ടിയത് കുറവുമാത്രം.

സാക്ഷി മാലിക്

36.85 കോടിയിൽ ഏറ്റവു കൂടുതൽ ചെലവിട്ടത് ഷൂട്ടിങ്ങിനാണ്. 15.39 കോടി. 10 മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ നാലാം സ്ഥാനത്തെത്തിയ അഭിനവ് ബിന്ദ്രയ്ക്കു മാത്രം 2.37 കോടി ചെലവിട്ടു. ഇൗ ഇനത്തിൽ മത്സരിച്ച മറ്റു 11 പേർക്ക് ഒരു കോടിയിലേറെ വീതം നൽകി. ഇത്രയേറെ തുക ചെലവിട്ടിട്ടും റിയോയിൽനിന്ന് ഒരു മെഡൽ പോലും ഷൂട്ടിങ്ങിൽ നേടാനായില്ല.

പണം ലഭിച്ചതിന്റെ കണക്കിൽ രണ്ടാം സ്ഥാനത്ത് അത്‌ലറ്റിക്സാണ്, 7.80 കോടി. ഇതിൽ 2.94 കോടി ചെലവിട്ടത് വനിതാ റിലേ ടീമിനും. എന്നാൽ ക്വാളിഫൈയിങ് റൗണ്ടിലെ പ്രകടനത്തേക്കാൾ പിന്നിലായാണ് റിയോയിൽ അവർ ഫിനിഷ് ചെയ്തത്. ബാഡ്മിന്റന് ചെലവിട്ടതാകട്ടെ 3.84 കോടി. സൈന നെഹ്‌വാളിന് 98.53 ലക്ഷം നൽകിയപ്പോൾ വെങ്കല മെഡൽ സമ്മാനിച്ച പി.വി. സിന്ധുവിന് പരിശീലനത്തിനായി അനുവദിച്ചത് 45.27 ലക്ഷം. കെ. ശ്രീകാന്തിന് 58. 51 ലക്ഷം, ജ്വാല ഗുട്ടയ്ക്ക് 46.73 ലക്ഷം എന്നിങ്ങനെയും നൽകി.

ഗുസ്തിക്കായി ചെലവിട്ടത് 2.52 കോടി. ആദ്യ റൗണ്ടിൽ പുറത്തായ യോഗേശ്വർ ദത്തിന് 49 ലക്ഷം ലഭിച്ചു. എന്നാൽ മെഡൽ നേടിയ സാക്ഷി മാലിക്കിന് ലഭിച്ചത് വെറും 15.86 ലക്ഷം മാത്രം. വിനേഷ് ഫോഗട്ടിന് 36.65 ലക്ഷവും ബബിതാ കുമാരിക്ക് 31.74 ലക്ഷവും നൽകി.അതേസമയം ഹോക്കി ടീമിന് മുഴുവനായി ലഭിച്ചത് വെറും 1.16 കോടി മാത്രമാണ്. ജിംനാസ്റ്റിക്സ് വോൾട്ട് ഇനത്തിൽ നാലാം സ്ഥാനത്തെത്തിയ ദിപാ കർമാക്കർക്ക് ലഭിച്ചത് വെറും 12.98 ലക്ഷമാണ്. സായ് ഡയറക്ടർ ജനറൽ ഇഞ്ചെട്ടി ശ്രീനിവാസ് നൽകിയ അവലോകന റിപ്പോർട്ടിലാണ് ഇൗ കണക്കുകൾ.