സ്മിത്തിനും സെഞ്ചുറി; ഓസീസിനു നേരിയ ലീഡ്

മെൽബൺ ∙ ഡേവിഡ് വാർണർക്കു പിന്നാലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സെഞ്ചുറി കണ്ടെത്തിയതോടെ പാക്കിസ്ഥാനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു നേരിയ ലീ‍ഡ്. നാലാംദിനം കളി നിർത്തുമ്പോൾ ആറിനു 465 എന്ന നിലയിലാണ് ഓസീസ്–നാലു വിക്കറ്റ് കയ്യിലിരിക്കെ പാക്കിസ്ഥാനെക്കാൾ 22 റൺസ് മുന്നിൽ. ഒരു ദിവസം മാത്രം ശേഷിക്കെ ടെസ്റ്റ് സമനിലയിലേക്ക് എന്നുറപ്പായി.

തുടർച്ചയായ നാലാം ദിവസവും മെൽബണിൽ മഴയുടെ കളി തുടർന്നു. ശക്തമായി കാറ്റു വീശിയതിനെത്തുടർന്ന് ചായയ്ക്കു ശേഷം ഇന്നലെയും കളി നടന്നില്ല. സ്മിത്തും (100*) മിച്ചൽ സ്റ്റാർക്കുമാണ് (ഏഴ്) ക്രീസിൽ. ഉസ്മാൻ ഖവാജയ്ക്ക് (97) സെഞ്ചുറി മൂന്നു റൺസ് അകലെ നഷ്ടമായി. ഈ സീസണിൽ രണ്ടാം വട്ടമാണ് ഖവാജ ഇതേ സ്കോറിൽ പുറത്താവുന്നത്. പീറ്റർ ഹാൻഡ്സ്കോംബിനും (54) അർധ സെഞ്ചുറിയുണ്ട്. ഈ വർഷത്തെ നാലാം സെഞ്ചുറി കുറിച്ച കലണ്ടർ വർഷം ആയിരം റൺസ് എന്ന നേട്ടവും സ്വന്തമാക്കി.

തുടർച്ചയായ മൂന്നാം വർഷമാണ് സ്മിത്ത് വർഷം ആയിരം പിന്നിടുന്നത്. 168 പന്തിൽ ഒൻപതു ഫോറുകൾ സഹിതം ക്ഷമാപൂർവമായിരുന്നു സ്മിത്തിന്റെ സെഞ്ചുറി. ഹാൻഡ്സ്കോംബ് മികച്ച പിന്തുണ നൽകി. 90 പന്തിൽ‍ എട്ടു ഫോറുകൾ സഹിതമായിരുന്നു ഫിഫ്റ്റി. യാസിർ ഷായെ 103 മീറ്റർ അകലെ പടുകൂറ്റൻ സിക്സിനു പറത്തിയാണ് സ്റ്റാർക്ക് വരവറിയിച്ചത്.