സിംഗപ്പൂരിൽ ജയിച്ച് റോസ്ബർഗ് മുന്നിൽ

സിംഗപ്പൂർ ∙ ഇഞ്ചോടിഞ്ചു പോരാട്ടങ്ങൾ കണ്ട ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻപ്രിയിൽ മെഴ്സിഡീസിന്റെ ജർമൻ താരം നിക്കോ റോസ്ബർഗിനു ജയം. പോളിൽനിന്നു മൽസരം തുടങ്ങിയ റോസ്ബർഗ് ഗ്രിഡിൽ രണ്ടാമതായി പോരിനിറങ്ങിയ റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡോയുടെ അതിശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ചെക്കേഡ് ഫ്ലാഗ് കണ്ടത്. ഇതോടെ എഫ് വൺ സീസണിൽ ഹാമിൽട്ടണിൽ നിന്ന് ചാംപ്യൻഷിപ് ലീഡ് തിരിച്ചുപിടിച്ചു റോസ്ബർഗ്.

ആറു മൽസരങ്ങൾ ശേഷിക്കെ എട്ടു പോയിന്റ് മുന്നിലാണിപ്പോൾ റോസ്ബർഗ്. മൂന്നാമനായി മൽസരം പൂർത്തിയാക്കിയ ഹാമിൽട്ടനും പോഡിയം വിജയം അനായാസമായിരുന്നില്ല. ഫെറാരിയുടെ കിമി റെയ്ക്കോണൻ പിടിവിടാതെ പിൻതുടർന്നെങ്കിലും ഹാമിൽട്ടൻ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഫെറാരിയുടെ തന്നെ സെബാസ്റ്റ്യൻ വെറ്റൽ അഞ്ചാമതെത്തി.