മുംബൈ ∙ മഹേന്ദ്രസിങ് ധോണിയുടെ ജീവിത കഥ സിനിമയായി സ്ക്രീനിലെത്തുന്നതിനു തൊട്ടുമുൻപ്, മുൻ ഇന്ത്യൻ ഓപ്പണർ ഗൗതംഗംഭീർ പരോക്ഷമായി സിനിമയെ വിമർശിച്ചു. ക്രിക്കറ്റ് താരങ്ങളെക്കുറിച്ചല്ല രാജ്യത്തിന്റെ വളർച്ചയ്ക്കായി പരിശ്രമിച്ച വ്യക്തിത്വങ്ങളെക്കുറിച്ചാണ് സിനിമയെടുക്കേണ്ടതെന്നായിരുന്നു ഗംഭീറിന്റെ പരാമർശം.
ധോണിയുടെ ജീവിത കഥ ‘ എം.എസ്.ധോണി ദ് അൺടോൾഡ് സ്റ്റോറി ’ ഈ മാസം 30ന് സ്ക്രീനിലെത്താനിരിക്കെയാണ് മുൻ സഹപ്രവർത്തകൻ വിമർശനത്തിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രാജ്യത്തിനു വേണ്ടി വലിയ കാര്യങ്ങൾ ചെയ്ത ധാരാളം വ്യക്തികൾ ഉണ്ടെന്നും അവരുടെ ജീവിതമാണ് സിനിമയാകേണ്ടതെന്നുമുള്ള ഗംഭീറിന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
ഇന്ത്യൻ ടീമിലുള്ളപ്പോൾതന്നെ ധോണിയുമായി നല്ല ബന്ധത്തിലായിരുന്നില്ല ഗംഭീർ. ടീമിൽനിന്ന് തഴയപ്പെട്ട ഗംഭീർ ഇക്കുറി ആഭ്യന്തര ക്രിക്കറ്റിൽ ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. അസ്ഹറുദീനെക്കുറിച്ചുള്ള സിനിമ പരാജയപ്പെടുകയും സച്ചിനെക്കുറിച്ചുള്ള സിനിമ ചിത്രീകരണ ഘട്ടത്തിലുമിരിക്കുമ്പോഴാണ് ഇന്ത്യൻ നായകൻ ധോണി സ്ക്രീനിലെത്തുന്നത്. നീരജ് പാണ്ഡേയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഭാഗ് മിൽഖ ഭാഗ്, മേരികോം എന്നീ സ്പോർട്സ് സിനിമകൾ ബോളിവുഡിലുണ്ടാക്കിയ തരംഗം പരിഗണിക്കുമ്പോൾ ധോണിയുടെ സിനിമയും വലിയ പ്രതീക്ഷയാണ് ആരാധകർക്കു നൽകുന്നത്. മേരികോമിനെപ്പോലെ കളിക്കളത്തിൽനിന്ന് വിരമിക്കുന്നതിനു മുൻപ് സിനിമയാകുന്നു എന്നതാണ് ധോണി സിനിമയുടെ പ്രത്യേകത. ബിസിസിഐയുടെ പ്രത്യേക അനുമതിയോടെയാണ് ധോണിയുടെ ജീവിതം സിനിമയാക്കുന്നതെങ്കിലും അതുയർത്തിയേക്കാവുന്ന വിവാദങ്ങളെപ്പറ്റിയുള്ള ആശങ്ക പ്രേക്ഷകരിലുണ്ട്.
പല സീനിയർ താരങ്ങളുടെയും ടീമിൽ നിന്നുള്ള പുറത്താകലിലും വിരമിക്കലിലും ധോണിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനുള്ള സൂചന സിനിമയുടെ ട്രെയിലറും നൽകിയിരുന്നു. ഏകദിന ടീമിൽ മൂന്ന് താരങ്ങൾക്ക് ഇടമില്ലെന്ന് സിലക്ടർമാരോട് വിഡിയോ കോൺഫറൻസിലൂടെ ധോണി പറയുന്ന ഒരു രംഗം ട്രെയിലറിലുണ്ടായിരുന്നു. താരങ്ങൾക്ക് അന്തിമ ഇലവനിൽ ഇടം നൽകാത്തതിനുള്ള ധോണിയുടെ വിശദീകരണവും വിവാദങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്ത്യൻ റെയിൽവേയിലെ ടിടി ജോലിയിൽനിന്ന് ട്വന്റി ട്വന്റിയിലും ഏകദിനത്തിലും ലോകകപ്പ് നേടിക്കൊടുത്ത നായകനിലേക്കും ലോകത്തെ ഏറ്റവും മികച്ച ഫിനിഷറിലേക്കുമുള്ള ധോണിയുടെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. റാഞ്ചിയിലെ ഒരു സാധാരണക്കാരനിൽ നിന്ന് ആധുനിക ഇന്ത്യയിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ക്രിക്കറ്റർ എങ്ങനെ ജനിച്ചുവെന്നതാണ് സിനിമ അന്വേഷിക്കുന്നത്. ക്രിക്കറ്റിനു പുറത്തുള്ളതും ക്രിക്കറ്റിൽ എത്തുന്നതിനു മുൻപുള്ളതുമായ ധോണിയുടെ സ്വകാര്യ ജീവിതം സിനിമയിൽ പ്രതിഫലിച്ചേക്കും.
സുശാന്ത് സിങ് രജ്പുത് ധോണിയാവുന്ന ചിത്രത്തിൽ ഭാര്യ സാക്ഷിയായി കിയാര അഡ്വാനിയാണ് വേഷമിടുന്നത്. അനുപംഖേർ, ഭ്രമരത്തിൽ മോഹൻലാലിന്റെ നായികയായിരുന്ന ഭൂമിക ചാവ്‍ല തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചക്ദേ ഇന്ത്യ, പാൻസിങ് ടൊമാർ, ബുഡിയാ സിങ്–ബോൺ ടു റൺ, അസ്ഹർ, ഭാഗ് മിൽക്ക ഭാഗ്, മേരികോം തുടങ്ങിയവയാണ് ബോളിവുഡിൽ ഇറങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ബയോപിക് സ്പോർട്സ് സിനിമകൾ. ഇവയിൽ മിക്കതും വാണിജ്യ വിജയത്തോടൊപ്പം വൻ നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. പാൻസിങ് ടോമാർ എന്ന ചിത്രത്തിലൂടെ ഇർഫാൻ ഖാൻ ദേശീയ പുരസ്കാരം നേടി. അസ്ഹർ എന്ന ചിത്രത്തിൽ 99 ടെസ്റ്റോടെ അസ്ഹറിന് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്നതും കോഴ വിവാദവും പരാമർശിക്കുന്നു.
സച്ചിന്റെ ജീവിതം പ്രമേയമാക്കി സച്ചിനെ തന്നെ അഭിനയിപ്പിച്ചുകൊണ്ട് ‘സച്ചിൻ: എ ബില്യൺ ഡ്രീംസ്’, ഹരിയാനയിലെ ഗുസ്തി താരവും ഫോഗട് കുടുംബത്തിന്റെ കാരണവരുമായ മഹാവീർ സിങ് ഫോഗട്ടിന്റെ ജീവിതം പ്രമേയമാക്കി അമീർ ഖാനെ നായകനാക്കി ഒരുക്കുന്ന ‘ദങ്കൽ’ എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.