ജയ്ഷ ആശുപത്രിയിൽ; സമിതി റിപ്പോർട്ട് വൈകും

ബെംഗളൂരു ∙ റിയോ ഒളിംപിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മാരത്തണിൽ മൽസരിച്ച മലയാളിതാരം ഒ.പി.ജയ്ഷയെ എച്ച്1എൻ1 സ്ഥിരീകരിച്ചതിനെ തുടർന്നു ഫോർട്ടിസ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലാക്കി. മാരത്തൺ പൂർത്തിയാക്കിയശേഷം തളർന്നുവീണ ജയ്ഷ പനിയും ശരീരവേദനയുമായാണു തിരികെയെത്തിയത്.

ബെംഗളൂരുവിലെ സർക്കാർ ചുമതലയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ (ആർജിഐസിഡി) രക്തപരിശോധന നടത്താൻ ജയ്ഷയെ ഏറെ നിർബന്ധിക്കേണ്ടിവന്നുവെന്നു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) റീജനൽ ഡയറക്ടർ ശ്യാം സുന്ദർ പറഞ്ഞു. തങ്ങളുടെ ഉപദേശം നിരസിച്ച ജയ്ഷ ഈ മാസം 21ന് അവധിക്ക് അപേക്ഷിച്ചശേഷം സായ് കേന്ദ്രത്തിനു സമീപം സുഹൃത്തിനൊപ്പം തങ്ങുകയായിരുന്നു.

ബുധനാഴ്ചയാണ് ജയ്ഷ എവിടെയുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്നു കർണാടക ആരോഗ്യ വകുപ്പ് ജീവനക്കാർ‌ അവരെ സന്ദർശിച്ച് രക്തസാംപിൾ പരിശോധനയ്ക്കു നൽകാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ശ്യാം സുന്ദർ പറഞ്ഞു. ഈ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. ഇതെ തുടർന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒളിംപിക്സിൽ പങ്കെടുത്ത മറ്റൊരു കായികതാരം സുധ സിങ്ങിനു രക്തപരിശോധനയിൽ നേരത്തേതന്നെ എച്ച്1എൻ1 സ്ഥിരീകരിച്ചിരുന്നു. അവർ ഈ മാസം 20 മുതൽ ചികിൽസയിലാണ്.

ഒളിംപിക്സ് മാരത്തണുമായി ബന്ധപ്പെട്ടു ജയ്ഷ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണം ഇപ്പോഴത്തെ സാഹചര്യത്തിൽ വൈകും. കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നും യാത്രചെയ്യാനാകില്ലെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഡോക്ടർ സരള പറഞ്ഞു. റിയോയിലെ അവഗണന സംബന്ധിച്ചു ജയ്ഷ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ ചൊവ്വാഴ്ചയാണു കേന്ദ്ര കായികമന്ത്രാലയം രണ്ടംഗസമിതിയെ നിയോഗിച്ചത്. സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.