ഇറ്റാലിയൻ ഗ്രാൻപ്രിയിൽ റോസ്ബർഗ് ജേതാവ്

മോൺസ∙ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ ജർമനിയുടെ നിക്കോ റോസ്ബർഗ് മെഴ്സിഡസിന് ഉജ്വല ജയം സമ്മാനിച്ചു. മെഴ്സിഡസിന്റെ തന്നെ ലൂയി ഹാമിൽട്ടൻ പോൾ പൊസിഷനുണ്ടായിരുന്നിട്ടു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലാണ് മൂന്നാം സ്ഥാനത്ത്. തുടക്കം സാവധാനമായതാണ് ഹാമിൽട്ടന് വിനയായത്. ഇതോടെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരം ശക്തമായി.

മൂന്നു തവണ ലോക ചാംപ്യനായിരുന്ന ലൂയി ഹാമിൽട്ടന്റെ ലീഡ് രണ്ടു പോയിന്റായി കുറഞ്ഞു. ഇനി ഏഴു മത്സരങ്ങൾ ബാക്കിയുണ്ട്. ഈ സീസണിൽ റോസ്ബർഗിന്റെ ഏഴാം ജയമാണിത്. തുടർച്ചയായ രണ്ടാമത്തേതും കഴിഞ്ഞയാഴ്ച ബൽജിയം ഗ്രാൻപ്രിയിലും റോസ്ബർഗിനായിരുന്നു ജയം. റോസ്ബർഗിന് ഇപ്പോൾ 248 പോയിന്റുണ്ട്. ഹാമിൽട്ടന് 250 പോയിന്റും. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ ഡാനിയൽ റിക്കാർഡോയ്ക്ക് 161 പോയിന്റാണുള്ളത്.