സിന്ധുവും സൈനയും ഏഷ്യ മിക്സ്ഡ് ടീം ചാംപ്യൻഷിപ്പിന്

ന്യൂഡൽഹി ∙ ഏഷ്യ മിക്സ്ഡ് ടീം ചാംപ്യൻഷിപ് ബാഡ്മിന്റനുള്ള ഇന്ത്യൻ ടീമിൽ പി.വി.സിന്ധുവും സൈന നെഹ്‌വാളും കളിക്കും. റിയോ ഒളിംപിക്സ് വെള്ളിമെഡൽ വിജയിയാണു സിന്ധു. ലണ്ടൻ ഒളിംപിക്സ് വെങ്കലമെഡൽ ജേത്രിയാണു സൈന. ഈ വർഷം ആദ്യമായാണ് ഏഷ്യ മിക്സ്ഡ് ടീം ചാംപ്യൻഷിപ്പ് ആരംഭിക്കുന്നത്. 14 മുതൽ 19 വരെ വിയ്റ്റ്നാമിലാണു ചാംപ്യൻഷിപ്.

ലക്നൗവിൽ കഴിഞ്ഞയാഴ്ച സയ്യിദ് മോദി ഗ്രാൻപ്രി വിജയിയായ സിന്ധു മികച്ച ഫോമിലാണ്. മലേഷ്യ മാസ്റ്റേഴ്സ് ജയിച്ച് പുതിയ സീസൺ തുടങ്ങിയ സൈനയും പ്രതീക്ഷയിലാണ്. പുരുഷ വിഭാഗത്തി‍ൽ സയ്യിദ് മോദി ഗ്രാൻപി ജേതാവ് സമീർ വർമ, എച്ച്എസ്.പ്രണോയ് തുടങ്ങിവയരാണു താരങ്ങൾ. കെ.ശ്രീകാന്ത് പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.