കഥ പറയുന്ന വായനക്കാരി
‘‘ എങ്ങട്ടാ സതീ പോണ്?’’ റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും. ‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
‘‘ എങ്ങട്ടാ സതീ പോണ്?’’ റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും. ‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
‘‘ എങ്ങട്ടാ സതീ പോണ്?’’ റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും. ‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
‘‘ എങ്ങട്ടാ സതീ പോണ്?’’
റേഷൻകടക്കാരൻ ബാലകൃഷ്ണൻ പതിവായി ചോദിക്കും.
‘‘ ലൈബ്രറീലേക്കാ.. പുസ്തകങ്ങളില്ലെങ്കിൽ വല്യ ആവലാതിയാ ബാലഷ്ണേട്ടാ. പുസ്തകമെടുക്കണം. ഇല്ലെങ്കില് മനസ്സിനു വല്യ ദെണ്ണാവും. വായിക്കാണ്ടിരിക്കാനാവില്ല ബാലഷ്ണേട്ടാ’’.
സതീദേവി ലൈബ്രറിയിലേക്കാണെന്നും പുസ്തകമെടുക്കാനാണെന്നും ബാലകൃഷ്ണനറിയാം. അദ്ദേഹത്തിന്റെ മകൻ പ്രദീപാണ് ലൈബ്രറിയുടെ സെക്രട്ടറി. പുസ്തകങ്ങളെക്കുറിച്ചു പറയുമ്പോൾ സതീദേവിക്കൊരു സന്തോഷാണ്. ഒരു സന്തോഷത്തിനു വേണ്ടിയാണു ബാലകൃഷ്ണൻ ചോദിക്കുന്നതും.
പുസ്തകമില്ലാതെ സതീദേവിക്കു നിൽക്കപ്പൊറുതിയുണ്ടാകില്ലെന്ന് കാസർകോട് ബേഡകം പഞ്ചായത്തിലെ കല്ലളിക്കാർക്കറിയാം. അവർക്കു കുന്നുമ്മൽ സതീദേവിയെന്നാൽ പുസ്തകം വായിക്കുന്ന നാട്ടുകാരിയാണ്. എന്നാൽ മലയാള സാഹിത്യത്തിൽ അവർ ‘ആടുകളെ വളർത്തുന്ന വായനക്കാരി’യാണ്. കഥാകൃത്ത് യു.കെ.കുമാരന്റെ ഇതേ പേരിലെ ചെറുകഥയിലെ നായിക. അൻപതാം വയസ്സിൽ വായന തുടങ്ങി പതിമൂന്നു വർഷം കൊണ്ടു മലയാളത്തിലെ പ്രധാന സാഹിത്യകൃതികളൊക്കെ വായിച്ചു ഈ വീട്ടമ്മ.
മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക നോവലും ചെറുകഥകളും സതീദേവി വായിച്ചിരിക്കും. വായന മാത്രമല്ല, അതു വഴി എഴുത്തുകാരുമായുള്ള ബന്ധവും. കാസർകോട് നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെ ബേഡകം പഞ്ചായത്തിലെ കല്ലളിയിൽ ‘കൊമ’ വീട്ടിൽ കെ.സതീദേവിയെ അക്ഷരങ്ങളിലേക്കെത്തിച്ചതു മകൻ രദുകൃഷ്ണനു കൊളത്തൂർ ഗവ. ഹൈസ്കൂളിൽനിന്നു ലഭിച്ചൊരു ആടാണ്. ആടിനു മനുഷ്യനെ അക്ഷരലോകത്തേക്കു തെളിച്ചെത്തിക്കാൻ കഴിയുമോയെന്നൊരു സംശയം തോന്നുന്നുവെങ്കിൽ തുടർന്നുവായിക്കാം.
പാത്തുമ്മയുടെ ആട്
നാടൻപാട്ടുകാരനായ രാമകൃഷ്ണന്റെ ഭാര്യ സതീദേവിയുടെ പഠനം മൂന്നാംക്ലാസിൽ നിലച്ചതാണ്. വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലെത്തിയപ്പോൾ ബീഡിപ്പണിയായി വരുമാനമാർഗം. വിവാഹശേഷം പത്തുകൊല്ലം കഴിഞ്ഞാണു രദുകൃഷ്ണൻ ജനിക്കുന്നത്. പിന്നെ അവനായി ലോകം. അവന്റെ ഇഷ്ടമായി സതീദേവിയുടെ ഇഷ്ടങ്ങളും.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവനൊരാടിനെ കിട്ടുന്നത്. അയൽവാസിയായ മാതുവമ്മയുടെ മകൻ ശശിയും ഒരാടിനെ കൊടുത്തു സതീദേവിക്ക്. നിറവയറുമായാണ് ആ ആട് സതീദേവിയുടെ വീട്ടിലേക്കു കയറിവന്നത്. ഈ ആട് പ്രസവിച്ച്, അതിന്റെ കുഞ്ഞുങ്ങളും പ്രസവിച്ച് പതിനെട്ടു പേരായി. അവരെയും കൊണ്ട് ഉച്ചയോടെ സതീദേവി കുന്നിൻമുകളിൽ മേയ്ക്കാൻ പോകും. ഉച്ചയ്ക്കു പോയാൽ സന്ധ്യയോടെയാണു വരിക. മൂന്നുമണിക്കൂറെങ്കിലും ഏതെങ്കിലും മരച്ചോട്ടിലിരുന്നു തീർക്കും.
ഒരു ദിവസം രദുകൃഷ്ണൻ വന്ന് അമ്മയോടു പറഞ്ഞു– ‘‘എനിക്ക് ലൈബ്രറിയിൽനിന്ന് പാത്തുമ്മയുടെ ആട് കൊണ്ടുത്തരണം’’. വീട്ടിൽ ഒട്ടേറെ ആടുകളുണ്ടായിട്ടും പാത്തുമ്മയുടെ ആടുതന്നെ വേണമെന്നു മോൻ നിർബന്ധം പിടിക്കണതെന്താണെന്ന് അവർക്കു മനസ്സിലായില്ല.
‘‘അമ്മേ, പാത്തുമ്മയുടെ ആട് എന്നതൊരു പുസ്തകത്തിന്റെ പേരാണ്. ലേഖേച്ചീന്റെ ലൈബ്രറിയിൽ പോയാൽ പുസ്തകം കിട്ടും. പൈസ കൊടുത്താലേ മെംബർഷിപ് കിട്ടൂ. അമ്മ പോയി മെംബർഷിപ് എടുത്ത് പുസ്തകം കൊണ്ടുത്താ’’. വീടിനടുത്തുള്ള ലൈബ്രറിയൊക്കെ സതീദേവി കണ്ടിട്ടുണ്ട്. എന്നാൽ അവിടെനിന്ന് പുസ്തകമെടുക്കാമെന്ന് അറിയുന്നത് അന്നേരമാണ്. ഉടൻ തന്നെ ലൈബ്രറിയിൽ പോയി പാത്തുമ്മയുടെ ആടുമായി വന്നു. മകൻ രസിച്ചിരുന്നു വായിക്കുന്നതു കണ്ട് സതീദേവി പുസ്തകം വാങ്ങി മറിച്ചു നോക്കി. അക്ഷരങ്ങൾ പരന്നു കിടക്കുന്നു. പക്ഷേ, കൂട്ടിവായിക്കാൻ കഴിയുന്നില്ല.
‘‘ എന്താ മോനേ ഇതൊക്കെ വായിക്കാ?’’
‘‘ അമ്മയ്ക്കു വായിക്കണമെന്നുണ്ടോ?’’
‘‘ ഞാനീ പ്രായത്തിലൊക്കെ വായിച്ചിട്ടിയെന്താ?’’
‘‘ അമ്മയ്ക്കു വായിക്കാൻ പഠിക്കണമെങ്കിൽ ഞാൻ സഹായിക്കാം’’. രദു പറഞ്ഞപ്പോൾ സതീദേവിക്കുമൊരു തോന്നൽ വന്നു. അങ്ങനെ മകൻ അമ്മയുടെ ഗുരുവായി. മൂന്നാംക്ലാസിൽ നിർത്തിയത് അൻപതാം വയസ്സിൽ വീണ്ടും തുടങ്ങി. പതുക്കെ പതുക്കെ സതീദേവിയും ആ മാന്ത്രികവിദ്യ പഠിച്ചു. ‘ക’യും ‘ക’യും കൂട്ടിയാൽ ‘ക്ക’ ആകുമെന്ന മാന്ത്രികവിദ്യ. അക്ഷരങ്ങൾ കൂട്ടംചേർന്നു സതീദേവിയെ മാടിവിളിച്ചു. പിന്നെ അവരോടൊപ്പം ചേർന്നു. അക്ഷരങ്ങൾ വാക്കായി, വാക്കുകൾ വാക്യങ്ങളായി. വാക്യങ്ങൾ ഖണ്ഡികകളായി അവരുടെ മുന്നിൽ ചിരിച്ചു നിന്നു. സതീദേവിയും വായിക്കാൻ പഠിച്ചു.
വായനയൊരു ലഹരിയാകുകയായിരുന്നു. പാത്തുമ്മയുടെ ആടിൽ തുടങ്ങിയ വായന വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ കൃതികളിലേക്കും പടർന്നുപിടിച്ചു. ബഷീറിൽനിന്ന് എസ്.കെ.പൊറ്റെക്കാട്ട്, എം.ടി.വാസുദേവൻനായർ, മാധവിക്കുട്ടി, ഒ.വി.വിജയൻ, സി.വി.ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, യു.കെ.കുമാരൻ, ബെന്യാമിൻ, കെ.ആർ.മീര എന്നിങ്ങനെ മലയാളത്തിലെ മുൻനിര എഴുത്തുകാരുടെ നോവലുകൾ ആവേശത്തോടെ വായിച്ചു തീർത്തു.
സതീദേവിയുടെ ആടുകൾ
വായിച്ച പുസ്തകങ്ങളുടെ എണ്ണം കൂടുന്നതു പോലെ സതീദേവിയുടെ ആട്ടിൻകൂട്ടിലെ അംഗസംഖ്യയും കൂടി. ഉച്ചയോടെ അവരെയും തെളിച്ച് ചെറിയൊരു സഞ്ചിയിൽ പുസ്തകവും കുടിവെള്ളവുമായി സതീദേവി മലമുകളിലേക്കു കയറും. ആടുകൾ കൂട്ടത്തോടെ മേയുമ്പോൾ ഏതെങ്കിലും മരച്ചുവട്ടിലിരുന്നു സതീദേവി വായനാലോകത്തേക്കു കടക്കും. കൂട്ടംതെറ്റുന്ന ആടുകളെ നിയന്ത്രിക്കാൻ കൈസർ എന്ന നായയുള്ളതാണു സമാധാനം. വൈകിട്ട് ആറുമണിയാകുമ്പോഴാണു തിരിച്ചെത്തുക. പുസ്തകത്തിൽനിന്നു മനസ്സിലാകാത്ത കാര്യം വീട്ടിലെത്തിയാൽ ഭർത്താവിനോടു ചോദിക്കും. അന്നു വായിച്ച കാര്യങ്ങളൊക്കെ മകനു പറഞ്ഞുകൊടുക്കും.
അങ്ങനെയിരിക്കെ യു.കെ.കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം വായിക്കാനെടുത്തു. അതിലൊരു കഥാപാത്രമുണ്ട്–ആടിനെ വളർത്തുന്ന പെണ്ണൂട്ടിയമ്മ. അവരുടെ ആടുകൾക്കൊക്കെ സുന്ദരമായ പേരാണുള്ളത്. ഒരിക്കൽ ഈ ആടുകൾ ഓരോന്നായി ചാകാൻ തുടങ്ങി. സുന്ദരമായ പേരുള്ളതു കൊണ്ടാണ് ആടുകൾ ചാകുന്നതെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ പെണ്ണൂട്ടിയമ്മ ആടുകൾക്കു മോശം പേരിടാൻ തുടങ്ങി.
നോവലിലെ ഭാഗം സതീദേവി വീണ്ടും വായിച്ചു. അതു തന്റെ തന്നെ ജീവിതമാണോ എന്നൊരു തോന്നൽ. സതീദേവിയും ആടുകൾക്ക് ഇതു പോലെയുള്ള പേരാണിട്ടിരുന്നത്. പുസ്തകത്തിൽനിന്ന് ഫോൺ നമ്പറെടുത്ത് എഴുത്തുകാരനെ വിളിച്ചു. ആദ്യമായിട്ടാണങ്ങനെയൊരനുഭവം. തന്റെ ജീവിതം ആരാണു പറഞ്ഞുതന്നതെന്നു സതീദേവി ചോദിച്ചപ്പോൾ ഇത്തരം അനുഭവങ്ങൾ സാർവലൗകികമാണെന്നും എഴുത്തുകാരൻ അതു കണ്ടെത്തുകയാണു ചെയ്യുന്നതെന്നുമായിരുന്നു കുമാരന്റെ മറുപടി. സതീദേവി തന്റെ ജീവിതം അദ്ദേഹത്തോടു പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ലൈബ്രേറിയൻ ലേഖ ഒരു ആഴ്ചപ്പതിപ്പ് കാണിച്ചുകൊടുത്തു. അതിലുണ്ടായിരുന്നു ആടിനെ മേയ്ക്കുന്ന സതിയുടെ ജീവിതം.
‘ആടുകളെ വളർത്തുന്ന വായനക്കാരി’ എന്ന ചെറുകഥയിലൂടെ യു.കെ.കുമാരൻ സതീദേവിയുടെ ജീവിതം മലയാളിക്കു പരിചയപ്പെടുത്തി. അതോടെ കുന്നിൻപുറത്തെ സതീദേവി ആടുകളെ വളർത്തുന്ന വായനക്കാരിയായി. ഇതേ പേരിലുള്ള പുസ്തകം സതീദേവിക്കാണ് യു.കെ.കുമാരൻ സമർപ്പിച്ചിരിക്കുന്നത്.
കഥ വന്നതോടെ കഥാപാത്രത്തെ തേടി ആളുകളെത്താൻ തുടങ്ങി. അക്കൂട്ടത്തിൽ മലയാളത്തിലെ മുൻനിര എഴുത്തുകാരൊക്കെയുണ്ടായിരുന്നു. കുന്നിൻപുറത്തെ വായനക്കാരിക്കു പലയിടത്തും സ്വീകരണമായി. താൻ വായിച്ച പുസ്തകമെഴുതിയവരുടെ കൂടെ വേദിയിലിരുന്ന് അവർ വായനാനുഭവം പറഞ്ഞു. തങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചു ഇത്രയ്ക്കും നിഷ്കളങ്കമായി പറയാൻ കഴിയുമെന്നു പല സാഹിത്യകാരന്മാർക്കും അനുഭവപ്പെട്ടത് അപ്പോഴായിരുന്നു.
എപ്പോഴും വായന
‘‘ പുസ്തകം കയ്യിലില്ലാതെ എനിക്കു നിൽക്കപ്പൊറുതിയുണ്ടാകില്ല. ഇപ്പോൾ അംബികാസുതൻ മാങ്ങാടിന്റെ അല്ലോഹലൻ എന്ന നോവലാണു വായിക്കുന്നത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ട്രെയിനിലിരുന്നു വായിച്ചു. കണ്ണൂരിൽ ട്രെയിനിറങ്ങിയപ്പോൾ അതാ മുന്നിൽ ഓറ് നിൽക്കുന്നു. ഫോട്ടോ കണ്ട പരിചയമേയുള്ളൂ. ഓറെ പതിനഞ്ച് പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഞാൻ പോയി പരിചയപ്പെട്ടു. ഫോണിലൊക്കെ വിളിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായി കാണുകയായിരുന്നു.
ഞാൻ എഴുത്തുകാരെയൊക്കെ വിളിക്കും. പുസ്തകത്തിൽ ഓറെ നമ്പറുണ്ടാകുമല്ലോ. സിനിമക്കാരൻ മധുപാലൊക്കെ എന്നെ വിളിക്കാറുണ്ട്. ഓറ് വായിക്കണ പുസ്തകമൊക്കെ എനിക്കയച്ചുതരും. എന്റെ വായനയറിയുന്ന കുറെയാളുകൾ പുസ്തകം തരും. കയ്യിൽ കിട്ടിയാൽ വായിച്ചുതീർക്കണം.
നോവലാണു കൂടുതലിഷ്ടം.
അതിൽകുറെ കഥാപാത്രങ്ങളുണ്ടാകുമല്ലോ.അപ്പോ മറ്റൊരാൾക്കു പറഞ്ഞുകൊടുക്കാനും സുഖാ. ആടുജീവിതമൊക്കെ ഒറ്റയിരിപ്പിനാ ഞാൻ മറ്റുള്ളോർക്കു പറഞ്ഞുകൊടുത്തത്.
ഇപ്പോൾ കാലിനു വയ്യാതായതോടെ ആടുകളെ മേയ്ക്കാൻ പോകാൻ പറ്റുന്നില്ല. ശബരിമലയിൽ പോയി വന്നിട്ടു വേണം ആടുമേയ്ക്കാൻ തുടങ്ങാൻ. ആടുകളെയും കൂട്ടി കാട്ടിൽ പോയിരുന്നു വായിക്കുന്നതു തന്നെയൊരു സുഖമാ. ആരുമുണ്ടാകിലല്ലോ. ഞാനും കുറെ കഥാപാത്രങ്ങളും..
പിന്നെയൊരു രഹസ്യം കൂടിയുണ്ട്. ഞാനും എഴുതാൻ തുടങ്ങിയിട്ടുണ്ട്. എന്റെ ജീവിതംതന്നെ. മൂന്നാംക്ലാസിൽ പഠിത്തം നിന്നുപോയ ഞാൻ എങ്ങനെ ഇപ്പോഴത്തെ സതീദേവിയായെന്ന എന്റെ ജീവിതം. അതിലും കുറെ കഥാപാത്രങ്ങളുണ്ട്. പുസ്തകമാക്കാനുള്ള പൈസയില്ല. അതാകുമ്പോൾ പ്രസിദ്ധീകരിക്കും. കുറെ കഥാപാത്രങ്ങളുണ്ടാകുമ്പോഴാണല്ലോ നമുക്കു കഥ പറയാനൊരു സുഖമുണ്ടാകുക. ആടുജീവിതത്തിലെ കഥ പറഞ്ഞതു പോലെ ഒറ്റയിരിപ്പിനു തീർക്കാൻ പറ്റുന്ന കഥ. ആ കഥ നിങ്ങളും കേൾക്കണം...’’