രണ്ടാം കൊടുമുടികയറ്റം

രണ്ടാം ദൗത്യത്തിൽ എവറസ്റ്റ് കീഴടക്കിയ ഉണ്ണിക്കണ്ണനും സംഘാംഗങ്ങളും ദേശീയ പതാകയുമായി

ജീവിതത്തിൽ ഏറ്റവും ഉയരങ്ങളിലെത്തിയ മലയാളി ആരായിരിക്കും..? കുന്നോളം ഉത്തരങ്ങൾ നാവിൻ തുമ്പത്തേക്കു കയറി വരുന്നതിലൊന്നും കണ്ണൂർ പെരിങ്ങോം എഴുത്തൻപൊയിൽ വീട്ടിൽ ഉണ്ണിക്കണ്ണനെന്ന പേരുണ്ടാകില്ല. എവറസ്റ്റാണേ സത്യം, ചവിട്ടിക്കയറിയ ഉയരമാണു മാനദണ്ഡമെങ്കിൽ ആദ്യം പറയേണ്ട പേര് ഈ പട്ടാളക്കാരന്റേതു തന്നെയാണ്. ഭൂമിയിൽ മനുഷ്യനു നടന്നു കയറാവുന്ന ഏറ്റവും വലിയ ഉയരം രണ്ടു തവണ കീഴടക്കിയ ആദ്യ മലയാളിയാണു ഉണ്ണിക്കണ്ണൻ. മഹാപർവതത്തിന്റെ 8848 മീറ്റർ ഉയരമുള്ള ഉച്ചിയിൽ ആദ്യമായി കാൽ തൊട്ടതു 2013 മേയ് 20ന്. മൂന്നു കൊല്ലത്തിനു ശേഷം മേയ് 20 തന്നെ വീണ്ടും കയറിയപ്പോൾ കൂട്ടിനു ചരിത്രവുമുണ്ടായിരുന്നു. ഇതിനിടെ രണ്ടു തവണ ബേസ് ക്യാംപ് വരെയെത്തി. 2015 ഏപ്രിലിൽ ഭൂകമ്പത്തിന്റെ സമയത്ത് ഉണ്ണിക്കണ്ണനും സംഘവും അവിടെയുണ്ടായിരുന്നു. ദുരന്തം കവർന്നെടുത്ത 18 പർവതാരോഹകരുടെ മൃതശരീരവുമായാണ് അന്നു മലയിറങ്ങിയത്. എവറസ്റ്റിൽ മാത്രമല്ല ഉണ്ണിക്കണ്ണന്റെ കാൽമുദ്ര പതിഞ്ഞത്. ആറായിരം മീറ്ററിലധികം ഉയരമുള്ള അഞ്ചു പർവതങ്ങൾ ഇതിനകം കാൽക്കീഴിലാക്കി. കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ സുബേദാറായ ഉണ്ണി, സൈന്യത്തിന്റെ അഡ്വഞ്ചർ വിങ്ങിൽ അംഗമാണ്.

ഉണ്ണിക്കണ്ണൻ

∙കുന്നിറങ്ങി പർവതങ്ങളിലേക്ക്
കുന്നും മലകളും നിറഞ്ഞ പെരിങ്ങോമിൽ ജനിച്ചുവളർന്ന ഉണ്ണിക്കണ്ണന് 2003 സൈന്യത്തിന്റെ ഭാഗമാകുമ്പോൾ ഒരു ആഗ്രഹമുണ്ടായിരുന്നു- വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. അഡ്വഞ്ചർ വിങ്ങിന്റെ ഭാഗമായുള്ള പർവതാരോഹണ കോഴ്സിന് അപേക്ഷിക്കാനുള്ള കാരണവും ആ തോന്നലായിരുന്നു. 2005-ൽ ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. കോഴ്സ് പൂർത്തിയായി പുറത്തിറങ്ങിയപ്പോൾ മുതൽ മലയകയറ്റം തുടങ്ങി. കന്നിക്കയറ്റം 2006ൽ. കീഴടങ്ങിയത് ബദരീനാഥിലെ മൗണ്ട് കാളിന്ദി(6150 മീ). ഗോമുഖിലെ സദോപന്ത് (7075 മീ), ബദരീനാഥിലെ തന്നെ ചോക്കുംബ (7350മീ), ത്രിശൂൽ (6913), മണാലിയിലെ ഫ്രണ്ട്ഷിപ്പ് (5312) എന്നിങ്ങനെ പർവതങ്ങളിൽ നിന്നു പർവതങ്ങളിലേക്കുള്ള യാത്ര നീണ്ടു. ഇതിൽ ചോക്കുംബ രണ്ടു തവണ കയറി. ഫ്രണ്ട്ഷിപ്പ് കയറിച്ചെന്നപ്പോൾ ഒരു റെക്കോർഡും ഒപ്പം കയറി- ശൈത്യകാലത്ത് ഈ പർവതത്തിനു മുകളിലെത്തുന്ന ആദ്യ സംഘം.

∙ ലോകത്തിന്റെ നെറുകയിൽ
പർവതാരോഹണത്തിൽ കമ്പമുള്ള ഓരോ ആളിനെയും ലോകത്തിലെ ഏറ്റവും വലിയ പർവതം മാടിവിളിക്കുന്നുണ്ട്. എവറസ്റ്റെന്ന ആ വലിയ മോഹത്തിലേക്കു ഉണ്ണി ആദ്യമായി യാത്ര പുറപ്പെട്ടതു 2011ൽ. സൈന്യത്തിന്റെ ആദ്യ വനിതാ പർവതാരോഹക സംഘത്തിന്റെ സഹായിയുടെ വേഷമായിരുന്നു അന്ന്. യാത്ര നീണ്ടതു ബേസ് ക്യാംപ് വരെ മാത്രം. ഭാവി യാത്രകളിലേക്ക് അന്ന് ആദ്യ ചുവടുവച്ചു.ഇന്ത്യ–നേപ്പാൾ സംയുക്ത സൈനിക സംഘത്തിലെ അംഗമായാണ് ഉണ്ണി സ്വപ്നത്തിലെ ഉയരത്തിലേക്കു കാൽവച്ചത്. സംഘത്തിൽ 33 പേർ. 2013 ഏപ്രിൽ 26-നു ബേസ് ക്യാംപിൽ നിന്നു യാത്ര തുടങ്ങി. മഞ്ഞു പുതച്ച് മരണം പതിയിരിക്കുന്ന വഴികൾ പിന്നിട്ട്, മനസ്സിനെ ഉന്മാദത്തിലേക്കു തള്ളി വിടുന്ന അതിശൈത്യം മറികടന്ന് ലക്ഷ്യസ്ഥാനെത്തിത്തിയതു മേയ് 20ന്. അന്നു രാവിലെ ആറു മണിയോടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി കീഴടക്കിയ സാഹസികരുടെ പട്ടികയിൽ ഉണ്ണിക്കണ്ണനെന്ന പേരും ഇടംപിടിച്ചു. രണ്ടാം തവണ 2016 ഏപ്രിൽ 30ന് ബേസ് ക്യാംപിൽ നിന്നു പുറപ്പെട്ട യാത്ര നെറുകയിലെത്തിയതു മേയ് 20ന്. ആ വർഷംതന്നെ കരസേനയുടെ പർവതാരോഹക സംഘത്തിലും ഉണ്ണി ഇടംപിടിച്ചു.

∙സാഹസികരേ, ഇതിലേ ഇതിലേ
എളുപ്പത്തിൽ തല കുനിക്കാത്തതിനെ കീഴടക്കാനുള്ള അടങ്ങാത്ത അഭിനിവേശമാണു മനുഷ്യനെ സാഹസികനാക്കുന്നത്. എവറസ്റ്റിനെ യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യമാക്കുന്നതും മെരുക്കാനുള്ള ഈ പാടു തന്നെയാണ്. എവറസ്റ്റിനു മുകളിലേക്കു നടന്നു കയറാൻ രണ്ടു വഴികൾ. ഒന്നു തിബറ്റിലൂടെ. രണ്ടാമതേത്ത് നേപ്പാളിൽ. എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയും ആദ്യമായി ചരിത്രത്തിലക്കു കയറിയ ഈ വഴിയാണ് ഇന്നും യാത്രികരുടെ പ്രിയപ്പെട്ട പാത. യാത്രാ രേഖകളുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാണെന്നതും നേപ്പാൾ വഴിയുള്ള സൗത്ത് കോളിന്റെ അനുകൂല ഘടകമാണ്. ഉണ്ണിയും സംഘവും രണ്ടു തവണയും കയറിയത് ഇതു വഴിയാണ്. എവറസ്റ്റ് കാൽക്കീഴിലാക്കണമെങ്കിൽ ഉള്ളിലെ സാഹസികതയ്ക്കൊപ്പം പോക്കറ്റിൽ നല്ല കാശും വേണം. ലൈസൻസിനു മാത്രം അഞ്ചു ലക്ഷം രൂപയാണു നേപ്പാൾ അധികൃതർ ഈടാക്കുന്നത്.

മറ്റു സൗകര്യങ്ങളൊരുക്കുന്നതിനുള്ള ചെലവുകൾ വേറെയും. നേപ്പാളിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഈ കൊടുമുടി കയറ്റക്കാർ. കൊടുമുടിയിലെ ഐസ് കട്ടകൾ പാറപോലെ ഉറയ്ക്കുന്ന ഏപ്രിൽ- മേയ് മാസമാണു എവറസ്റ്റ് ‘തീർഥാടന’ കാലം. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലാണു യാത്രാ രേഖകൾ ശരിയാക്കുന്നത്. ശേഷം വിമാന മാർഗം ലൂക്ലയിലെത്താം. ആ യാത്രയിലുമുണ്ടൊരു സാഹസികത. ലോകത്തിലെ ഏറ്റവു അപകടംപിടിച്ച വിമാനത്താവളങ്ങളിലൊന്നാണിത്. ലൂക്ലയിൽ നിന്ന് ബേസ് ക്യാംപിലേക്ക് എട്ടു ദിവസം. അതിനിടയിലുള്ള നാംച്ചെയിൽ കാലാവസ്ഥയോടു പൊരുത്തപ്പെടാനായി കുറച്ചു ദിവസം താമസിക്കും.

∙ഒരു യുഗം, ആ 8848 മീറ്ററുകൾ
ശരിയായ യാത്ര ആരംഭിക്കുന്നത് 5700 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാംപിൽ നിന്നാണ്. ഇവിടെ മുതൽ മഞ്ഞ് സഹയാത്രികനായി കൂടെക്കൂടും. യാത്രാ സംഘത്തിന്റെ കൺട്രോൾ മുറികൾ സ്ഥാപിക്കുന്നത് അവിടെയാണ്. ആവശ്യമായ മുൻകരുതലുകളുമായി സഹായികളും ഇവിടെയുണ്ടാകും. 6400 മീറ്റർ ഉയരത്തിലാണ് രണ്ടാം ക്യാംപ്. ഐസ് ഉറഞ്ഞ് രൂപപ്പെട്ട വെളുത്ത പാറക്കൂട്ടങ്ങൾ. ഇടയ്ക്കിടെ അപകടം പതിയിരിക്കുന്ന കിടങ്ങുകൾ. യാത്രയ്ക്കിടെ നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്ന അവസാന പോയിന്റ് കൂടിയാണിത്. ഇനി മുതൽ ദ്രാവക രൂപത്തിലുള്ള ചോക്ലേറ്റും ഐസ് ഉരുക്കിയ വെള്ളവും മാത്രമാണു ശരണം. നാനൂറ് മീറ്റർ കൂടി പിന്നിട്ടാൽ മൂന്നാം ക്യാംപായി. എന്നാൽ, രണ്ടു ക്യാംപുകളും തമ്മിൽ എവറസ്റ്റും ആനമുടിയും തമ്മിലുള്ള വ്യത്യാസം. ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ കോണി ചാരിയും കയറിൽ തൂങ്ങിയുമാണു സഞ്ചാരം. പ്രതിരോധത്തിന്റെ എല്ലാ കവചങ്ങളും കടന്നു ശൈത്യം ശരീരത്തെ സ്പർശിക്കുന്നതുപോലെ തോന്നും.

∙ മരണ വഴി പിന്നിട്ട് ചരിത്രത്തിലേക്ക്
കണ്ടതു കഠിനമെങ്കിൽ കാണാനുള്ളതു അതികഠിനമെന്നു നാലാം ക്യാംപിലെത്തുമ്പോൾ മനസ്സിലാകും. 8000 മീറ്റർ ഉയരത്തിലുള്ള ഈ ക്യാംപിൽ നിന്ന് നോക്കിയാൽ കൺമുന്നിൽ ഇരുണ്ട ആകാശം മാത്രം. കാഞ്ചൻജംഗ, ലോ‌ത്‌സെ, മകാലു തുടങ്ങിയ പർവത ഭീമന്മാരെ ഇവിടെ നിന്നു നോക്കിയാൽ കാണാം. എവറസ്റ്റെന്ന സ്വപ്നത്തിലേക്കു യാത്ര തിരിച്ച സാഹസികരിലേറെയും പാതിവഴിയിൽ അസ്മിച്ചത് ഇവിടെയാണ്. അതിനാൽ ഇതിനു മരണ മേഖല എന്നും പേരുണ്ട്. വീശിയടിക്കുന്ന ഹിമക്കാറ്റ്, ചെങ്കുത്തായ മഞ്ഞുമലകൾ, ഇടയ്ക്കിടെ മഞ്ഞുപാളികൾ ഇളകിവീഴുന്നതിന്റെ ഹുങ്കാരം, വർഷങ്ങൾക്കു മുൻപ് മരിച്ചുവീണവരുടെ മൃതശരീരങ്ങൾ മഞ്ഞിൽ അഴുകാതെ കിടക്കുന്ന കാഴ്ച കൂടിയാകുമ്പോൾ വഴി തെറ്റി മരണ താഴ്‌വരയിലെത്തിയോയെന്നു ശങ്കിച്ചു പോകും.

ഇനിയുള്ള ഓരോ ചുവടും ചരിത്രത്തിലേക്കാണ്. രാത്രി ഏഴു മണിയോടെയാണു ഉണ്ണിയും സംഘവും രണ്ടു തവണയും നാലാം നമ്പർ ക്യാംപിൽ നിന്നു യാത്ര ആരംഭിച്ചത്. തലയിൽ ഘടിപ്പിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ ഓരോരുത്തരായി നീങ്ങി. പുലർച്ചെ അഞ്ചു മണിയോടെ കൺമുന്നിൽ കൊടികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നെറുകയിലെത്തുന്നവർ ആദരപുർവ്വം ഒരു കൊടി കുത്തണമെന്ന ബുദ്ധമത വിശ്വാസം പിൻപറ്റി മുൻപേയെത്തിവർ നാട്ടിയ കൊടികളാണ്. തപസ്സിനൊടുവിൽ ഇഷ്ട ദൈവം പ്രത്യക്ഷപ്പെട്ട അവസ്ഥ- ആ നിമിഷത്തെ വിശേഷിപ്പിക്കാൻ മറ്റു വാക്കുകളൊന്നും കിട്ടുന്നില്ല ഉണ്ണിക്ക്. രണ്ടു തവണയായി ഒരു മണിക്കൂർ നേരം ഭൂമിയുടെ മേൽക്കൂരയിൽ ഉണ്ണി കാലുറപ്പിച്ചു നിന്നു. ഇന്ത്യൻ പതാകയും സൈനിക പതാകയും നാട്ടി. പിന്നെ, ഫോട്ടോ പകർത്തി തിരിച്ചിറക്കം.

∙ഭൂമിക്കു ഭ്രാന്തു പിടിച്ച ദിവസം
ഉണ്ണിക്കണ്ണനുജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് 2015-ലെ എവറസ്റ്റ് യാത്ര. ഭൂമിക്കു ഭ്രാന്തു പിടിച്ച ദിവസം. ഉണ്ണിയും സൈന്യത്തിന്റെ അഡ്വഞ്ചർ വിങ്ങിലെ സഹയാത്രികരും ബേസ് ക്യാംപിലായിരുന്നു. സമയം രാവിലെ 11.56. ഒരു നിമിഷാർധത്തിൽ എന്തൊക്കെയോ സംഭവിച്ചു. കൊടുമുടി ഒരു ഊഞ്ഞാൽ പോലെ ആടിയെന്ന് ഉണ്ണി. ചുറ്റും മഞ്ഞു കട്ടകൾ അടർന്നു വീഴുന്നു. മഞ്ഞുപാളികൾ അകന്നു മാറി വലിയ ഗർത്തം രൂപപ്പെടുന്നു. ഉണ്ണിയും കൂടെയുണ്ടായിരുന്ന 21 പേരും ഒരു കയറിൽ തൂങ്ങി നിന്നു. ബേസ് ക്യാംപിലെ ടെന്റുകളെല്ലാം പറന്നു പോയി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 450 പേരാണു അന്ന് ബേസ് ക്യാംപിലുണ്ടായിരുന്നത്. അതിൽ 18 പേർക്കു ജീവൻ നഷ്ടപ്പെട്ടു.

∙ കേരളമേ കേൾക്കുന്നുണ്ടോ
സൈന്യത്തിന്റെ ഭാഗമായി എവറസ്റ്റ് കീഴടക്കിയ സംഘത്തിൽ സ്വന്തം സംസ്ഥാനത്തിന്റെ അംഗീകാരം ലഭിക്കാത്ത ഏകയാൾ താനായിപ്പോകുന്നതിന്റെ ദുഖം ഉണ്ണിക്കണ്ണനുണ്ട്. രണ്ടു തവണ എവറസ്റ്റ് കീഴടക്കിയിട്ടും മുറ്റത്തെ ഈ മുല്ലയെ കേരളം തിരിച്ചറിഞ്ഞിട്ടില്ല. രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അവിടെ സർക്കാരിൽ നിന്നു ജോലി വാഗ്ദാനം വരെ ലഭിച്ചു. ആത്മവിശ്വാസം, ഏകാഗ്രത, ശാരീരിക ക്ഷമത എന്നിവ നിലനിർത്താൻ ഏറ്റവും നല്ല മാർഗമാണു പർവതാരോഹണമെന്നു അനുഭത്തിലൂടെയാണു ഉണ്ണി പറയുന്നത്.സ്കൂളുകൾ കേന്ദ്രീകരിച്ച് ഇതു സംബന്ധിച്ച പ്രായോഗിക പഠനം നൽകുകയെന്ന പദ്ധതി മനസ്സിലുണ്ട്.അതിനു വഴി തുറക്കുമെന്നു തന്നെയാണു പ്രതീക്ഷ. പ്രജിഷയാണു ഭാര്യ. ആദ്യശ്രീ ഏക മകൾ.

എണ്ണായിരം അടിക്കു മുകളിൽ എവറസ്റ്റ് ഉൾപ്പെടെ 14 കൊടുമുടികളാണു ഭൂമിയിലുള്ളത്. ഇവയിൽ പരമാവധി കീഴടക്കുകയെന്നതു തന്നെയാണ് സ്വപ്നം. ഇനിയും എവറസ്റ്റ് യാത്രയുണ്ടാകുമോയെന്നു ചോദിച്ചാൽ അവസരം ലഭിച്ചാൽ തീർച്ചയായും എന്ന മറുപടിക്കു താമസമില്ല. എന്തിനു വീണ്ടും എന്ന ചോദ്യത്തിന് ബ്രിട്ടന്റെ ആദ്യ മൂന്നു എവറസ്റ്റ് ദൗത്യങ്ങളിലും അംഗമായിരുന്ന ജോർജ് മാലറി നേരത്തേ ഉത്തരം നൽകിയിട്ടുണ്ട്.രണ്ടു തവണ പരാജയപ്പെട്ട് വീണ്ടും യാത്രയ്ക്കൊരുങ്ങിയ മാലറിയോട് സുഹൃത്ത് ചോദിച്ചു - എന്തിനു വീണ്ടും ?. എവറസ്റ്റ് അവിടെ ഉള്ളതു കൊണ്ട് എന്നായിരുന്നു മറുപടി.