ആലപ്പുഴ ∙ നീൽ ആംസ്ട്രോങ്ങിനു ചന്ദ്രനിലെത്തിയപ്പോൾ ചായ കൊടുത്ത മലയാളിയെക്കുറിച്ചു തമാശക്കഥ കേട്ടിട്ടുണ്ടെങ്കിലും എവറസ്റ്റിനു മുകളിൽ ടെൻസിങ്ങിനും ഹിലരിക്കും ആരും ചായ കൊടുത്തിട്ടുണ്ടാകില്ല. കാരണം, എവറസ്റ്റിനു മുകളിലെ ആദ്യ മലയാളി സ്പർശത്തിന് ഇക്കൊല്ലം ഇരുപത്തിയഞ്ചു തികഞ്ഞതേയുള്ളു.
1992 ൽ ആദ്യമായി എവറസ്റ്റ് കീഴടക്കുകയും നാലു വർഷത്തിനുശേഷം ആ നേട്ടം ആവർത്തിച്ചു രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ഏക മലയാളിയാകുകയും ചെയ്ത എസ്.സുരേഷ്കുമാർ തന്റെ നേട്ടത്തിനു കാൽ നൂറ്റാണ്ടു തികഞ്ഞത് ഓർക്കാതെ ആലപ്പുഴ നഗരത്തിലെ നടുറോഡിൽ വാഹനങ്ങളെ നിയന്ത്രിക്കുന്ന തിരക്കിലാണ്.
അതിശൈത്യത്തിൽ പതറാതെ എവറസ്റ്റ്, കാഞ്ചൻജംഗ കൊടുമുടികളെ വേണമെങ്കിൽ കീഴടക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴുമുണ്ട്. എന്നാൽ, എപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്ന ആലപ്പുഴ നഗരത്തിൽ പൊരിവെയിലത്തു വാഹനം നിയന്ത്രിക്കാനും ‘ആരോഹൺ’ എന്ന കുസൃതിക്കുടുക്കയായ പേരക്കുട്ടിയെ പിടിച്ചുനിർത്താനും പ്രയാസമേറെയെന്നു ചെറുചിരിയുടെ കൊടുമുടിയിൽ നിന്നു സുരേഷ്കുമാർ പറയുന്നു. എവറസ്റ്റ് ആരോഹണത്തിന്റെ ഓർമയ്ക്കാണു മൂത്തമകൾ അക്ഷരയുടെ മകന് ‘ആരോഹൺ’ എന്നു പേരിട്ടത്.
കുന്നും മലയുമില്ലാത്ത മുതുകുളം പട്ടോളി മാർക്കറ്റിലെ ഈരാംതറയിൽ സുകുമാരന്റെയും ശാന്തമ്മയുടെയും മകനായി ജനിച്ച സുരേഷ്കുമാറിനു കമ്പം ഫൊട്ടോഗ്രഫിയോടായിരുന്നു. സ്റ്റുഡിയോയിൽ ജോലി ചെയ്യുമ്പോഴാണ് ഇരുപത്തിരണ്ടാം വയസ്സിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) ഫൊട്ടോഗ്രഫറായി ജോലി കിട്ടിയത്. ഡിഐജി ഹുക്കംസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ചൻജംഗ പര്യവേക്ഷണത്തിനു തയാറെടുത്തപ്പോൾ ഫൊട്ടോഗ്രഫറായി ക്ഷണം ലഭിച്ചതു സുരേഷ്കുമാറിന്. മടിക്കാതെ പരിശീലനം പൂർത്തിയാക്കി സുരേഷ് 1991 ൽ കാഞ്ചൻജംഗ കൊടുമുടി കീഴടക്കി.
1992 ൽ എവറസ്റ്റ് കൊടുമുടിയും കാൽക്കീഴിലാക്കിയതോടെ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി. 1996 ൽ നേട്ടം ആവർത്തിച്ചു. ഒപ്പമുണ്ടായിരുന്ന പലരും ഉയരത്തിലേക്കുള്ള വഴിയിൽ മരിച്ചുവീഴുന്നതും വികലാംഗരാകുന്നതും സുരേഷ് കണ്ടു. മരണത്തെയും മുഖാമുഖം കണ്ടു. ഒരു തവണ നേപ്പാൾ അതിർത്തിയിലൂടെയും രണ്ടാം തവണ ചൈനീസ് അതിർത്തിയിലൂടെയുമായിരുന്നു എവറസ്റ്റിനു മുകളിലെത്തിയത്.
ഐടിബിപിയിൽ പത്തു വർഷം സേവനം ചെയ്ത ശേഷം സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിൽ (എസ്പിജി) ബോംബ് ഡിറ്റക്‌ഷൻ വിദഗ്ധനായി. പ്രധാനമന്ത്രിമാരായ വി.പി.സിങ്, ചന്ദ്രശേഖരൻ, എച്ച്.ഡി. ദേവഗൗഡ, നരസിംഹറാവു, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെയും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സുരക്ഷാ സംഘത്തിൽ അംഗമായിരുന്നു.
സൈനിക സേവനത്തിൽ നിന്നു 2008 ൽ സ്വയം വിരമിച്ച സുരേഷ്കുമാർ ആലപ്പുഴ ആലിശേരി കൈലാസത്തിൽ തമസിക്കുന്നു. പത്തു വർഷമായി ഹോംഗാർഡാണ്.