ബെയ്ജിങ്∙ എവറസ്റ്റിന്റെ ഉയരം സംബന്ധിച്ചു ചൈനയും നേപ്പാളുമായുള്ള അഭിപ്രായഭിന്നത തുടരുന്നു. തങ്ങളുടെ കണക്കനുസരിച്ച് എവറസ്റ്റിന്റെ ഉയരം 8844 മീറ്റർ ആണെന്നും ഇതിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. നേപ്പാൾ പറയുന്ന ഉയരക്കണക്ക് (8848 മീറ്റർ) അംഗീകരിക്കാൻ ചൈന തീരുമാനിച്ചതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഈ പ്രതികരണം.
1954ൽ സർവേ ഓഫ് ഇന്ത്യ നടത്തിയ അളവെടുപ്പിൽ കണ്ടെത്തിയ 8848 മീറ്ററാണ് എവറസ്റ്റിന്റെ ഔദ്യോഗിക ഉയരമായി നേപ്പാൾ അംഗീകരിച്ചിട്ടുള്ളത്. 1999ൽ നാഷനൽ ജ്യോഗ്രഫിക് നടത്തിയ ഉപഗ്രഹപഠനം അനുസരിച്ച് 8850 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. രണ്ടു വർഷം മുൻപുണ്ടായ ഭൂകമ്പത്തിൽ കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചില പർവതാരോഹകർ പറഞ്ഞതിനെ തുടർന്ന്, ഇക്കൊല്ലം ഉയരമളക്കാൻ നേപ്പാൾ തീരുമാനിച്ചിട്ടുണ്ട്. ടിബറ്റ് കീഴിലാക്കിയതിനെ തുടർന്ന്, എവറസ്റ്റ് മുഴുവൻ തങ്ങളുടേതാണെന്നു നേരത്തെ ചൈന അവകാശവാദം ഉന്നയിച്ചിരുന്നു.