Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവറസ്റ്റ് കൊടുമുടിയോളം തട്ടിപ്പ്! പുണെ പൊലീസ് ദമ്പതികളുടെ പണിപോയി

dinesh-rathod എവറസ്റ്റിൽ കയറിയെന്ന് അവകാശപ്പെട്ട് ദിനേശ് റാത്തോഡ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം (ഫയൽ)

കഠ്മണ്ഡു ∙ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ ദമ്പതികളെന്ന വ്യാജ അവകാശവാദം ഉന്നയിച്ചവരെ പുണെ പൊലീസിൽ നിന്നും പുറത്താക്കി. കോൺസ്റ്റബിൾമാരായ താരകേശ്വരി റാത്തോഡ്, ഭർത്താവ് ദിനേശ് റാത്തോഡ് എന്നിവരെയാണ് പുറത്താക്കിയത്. അന്വേഷണ വിധേയമായി ഇരുവരെയും കഴിഞ്ഞ നവംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് 2016 മേയ് 23നു കീഴടക്കിയെന്നായിരുന്നു ഇരുവരുടെയും അവകാശവാദം.

ഇതിനെതിരെ പരാതി ഉയർന്നതോടെ പ്രത്യേക സംഘം നടപടി അന്വേഷിച്ചു. ഇതിൽ നിന്നാണ് ഇവർ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞതും ഇരുവർക്കുമെതിരെ നടപടിയെടുത്തതും. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുക, ആളുകളെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ദമ്പതികൾ ചെയ്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവഴി മഹാരാഷ്ട്രാ പൊലീസിനും കളങ്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ നേപ്പാൾ സർക്കാർ ദമ്പതികളെ 10 വർഷത്തേക്ക് വിലക്കിയിരുന്നു. അന്വേഷണത്തിനും ആവശ്യപ്പെട്ടിരുന്നു.

സംഭവം ഇങ്ങനെ: മേയ് 23ന് എവറസ്റ്റ് കയറിയെന്നും തെളിവായി അവർ എവറസ്റ്റിനു മുകളിൽ നിൽക്കുന്ന ചിത്രം ഹാജരാക്കുകയും ചെയ്തു. ഇവർ ഹാജരാക്കിയ ചിത്രം വിശ്വസിച്ച നേപ്പാൾ ടൂറിസം മന്ത്രാലയം സർട്ടിഫിക്കറ്റും നൽകി. എന്നാൽ, ദമ്പതികൾ എവറസ്റ്റ് കയറിയിട്ടില്ലെന്നു പരാതി ഉയർന്നതോടെ സംശയം തോന്നിയ പർവതാരോഹണവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇവർക്കു കൊടുമുടി കയറാൻ സഹായമൊരുക്കിയ പ്രാദേശിക ഏജൻസിയോട് 24 മണിക്കൂറിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. മേയ് 21ന് എവറസ്റ്റ് കയറിയ തന്റെ ചിത്രത്തിൽ മാറ്റം വരുത്തിയാണു ദമ്പതികൾ തട്ടിപ്പു നടത്തിയതെന്നു ബെംഗളൂരു സ്വദേശി സത്യസ്വരൂപ് സിദ്ധാന്ത ആരോപിച്ചു. ഇതേതുടർന്നു പുണെ പൊലീസും സംഭവത്തെപ്പറ്റി അന്വേഷിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയെന്ന കാര്യം വ്യക്തമായത്.