Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയ്ക്കും സിറിയയ്ക്കുമെതിരായ ഉപരോധ‌ നീക്കം ജി–7 തള്ളി

AFP_NG6X7

ലണ്ടൻ ∙ വടക്കുകിഴക്കൻ സിറിയയിലെ ഖാൻ ഷെയ്ഖൂൻ പട്ടണത്തിൽ കഴിഞ്ഞയാഴ്ച 87 പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും സിറിയയ്ക്കുമെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം തടഞ്ഞ് ജി-7 രാഷ്ട്രങ്ങൾ.

ഇറ്റലിയിൽ നടന്ന ജി-7 രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണു യുഎസ്–ബ്രിട്ടിഷ് വിദേശകാര്യ മന്ത്രിമാരുടെ ഉപരോധ നിർദേശം ഇറ്റലിയും ജർമനിയും വീറ്റോ ചെയ്തത്. ഉപരോധ നടപടികളിലൂടെ പുടിനെ സമ്മർദത്തിലാക്കി സിറിയയിലെ അസദ് ഭരണകൂടത്തിനു റഷ്യ നൽകുന്ന പിന്തുണ അവസാനിപ്പിക്കുകയായിരുന്നു യുഎസിന്റെയും ബ്രിട്ടന്റെയും ലക്ഷ്യം.

ഇതു നടക്കില്ലെന്ന് ഉറപ്പായതോടെ, റഷ്യയുമായി ഉഭയകക്ഷി ചർച്ചയ്ക്കൊരുങ്ങുകയാണ് യുഎസ്. ഇതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നേരിട്ടു മോസ്കോയിലെത്തും. രാസായുധാക്രമണം നടത്തിയത് അസദ് ഭരണകൂടമാണെന്നു യുഎസും ബ്രിട്ടനും ആവർത്തിക്കുമ്പോൾ ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പൂർത്തിയായശേഷം തുടർനടപടികളിലേക്കു കടന്നാൽ മതിയെന്ന നിലപാടിലായിരുന്നു മറ്റു രാഷ്ട്രങ്ങൾ.

ആക്രമണത്തിനു പിന്നിൽ വിമത പോരാളികളാണെന്നാണ് അസദിന്റെയും റഷ്യയുടെയും നിലപാട്. ഏതു സാഹചര്യത്തിലായാലും പുടിനെ ഒറ്റപ്പെടുത്തിയുള്ള നടപടിയിലൂടെ സിറിയൻ പ്രശ്നത്തിനു പരിഹാരം സാധ്യമല്ലെന്ന നിലപാടാണ് ഇറ്റലിക്കുള്ളത്. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധിയും റഷ്യയ്ക്കെതിരായ ഉപരോധത്തോടു യോജിച്ചില്ല.

രാസായുധാക്രമണത്തിനു പിന്നിൽ സിറിയൻ ഭരണകൂടമാണെന്നും ഇതു റഷ്യയുടെ അറിവോടെയാണെന്നുമുള്ള ഉറച്ച നിലപാടിലാണു യുഎസും ബ്രിട്ടനും. രാസായുധാക്രമണത്തിനു തിരിച്ചടിയായി സിറിയയിലെ അൽ ഷയാറത് വ്യോമതാവളത്തിലേക്കു യുഎസ് ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന നിലപാടാണു റഷ്യയ്ക്കുള്ളത്.

സിറിയയിൽ യുഎസ് സേന നടത്തിയ നേരിട്ടുള്ള ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകി. ഇതെത്തുടർന്നാണു ബ്രിട്ടനെ കൂട്ടുപിടിച്ച് റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്താൻ അമേരിക്ക നീക്കം നടത്തിയത്.

അസദിനെ സഹായിക്കുന്ന റഷ്യയുടെ നിലപാടിൽ പ്രതിഷേധമറിയിക്കാൻ കഴിഞ്ഞ ദിവസം ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ മുൻകൂട്ടി നിശ്ചയിച്ചിരുന്ന തന്റെ റഷ്യൻ സന്ദർശനം റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ടെലിഫോണിൽ ബന്ധപ്പെട്ട പ്രസിഡന്റ് ട്രംപ് റഷ്യയ്ക്കെതിരായ നടപടികൾക്കു ജി-7 രാഷ്ട്രങ്ങളുടെ പിന്തുണ തേടുന്ന കാര്യം വിശദമായി ചർച്ചചെയ്തിരുന്നു.

related stories
Your Rating: