Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് വിമാനത്തിൽനിന്ന് യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കി; പ്രതിഷേധം

china-passenger

ഷിക്കാഗോ ∙ അമേരിക്കൻ വിമാനത്തിൽനിന്ന് ഏഷ്യൻ വംശജനെന്നു സംശയിക്കുന്ന യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കിയ സംഭവത്തിൽ ഞെട്ടലും പ്രതിഷേധവും. നാലു വിമാന ജീവനക്കാർക്കുവേണ്ടി സീറ്റ് ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായാണ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ സീറ്റിലിരുന്ന യാത്രക്കാരനെ ബലംപ്രയോഗിച്ചു പുറത്താക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഷിക്കാഗോ വിമാനത്താവളത്തിൽനിന്നു കെന്റക്കിയിലെ ലൂയിവില്ലിലേക്കുള്ള വിമാനത്തിലാണു സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉച്ചത്തിൽ കരയുന്ന യാത്രക്കാരനെ കൈകളിൽ പിടിച്ച് നിലത്തു വലിച്ചിഴയ്ക്കുന്നതു കാണാം.

യാത്രക്കാരന്റെ വായിൽനിന്നു ചോര വരുന്നുണ്ടായിരുന്നു. മറ്റു വിമാനയാത്രക്കാർ വിലക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു യാത്രക്കാരിയാണു വിഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സീറ്റുകൾ സ്വമേധയാ ഒഴിഞ്ഞുകൊടുക്കുന്നവർക്ക് വിമാനക്കമ്പനി അധികൃതർ ആദ്യം 400 ഡോളർ വാഗ്‌ദാനം ചെയ്തു.

പിന്നീട് അത് 800 ഡോളറും ഹോട്ടൽ മുറിയുമായി. എന്നിട്ടും ഒരാളും സീറ്റൊഴിയാതെവന്നതിനെത്തുടർന്ന് യുണൈറ്റ‍ഡ് മാനേജർ വിമാനത്തിലെത്തി ഏതെങ്കിലും നാലു യാത്രക്കാരെ പുറത്താക്കുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ‘ഞങ്ങൾ ബന്ദികളാക്കപ്പെട്ടപോലെയാണു തോന്നിയത്’– യാത്രക്കാരനായ ടൈലർ ബ്രിഡ്ജസ് ഫെയ്‌സ് ബുക്കിലെഴുതി.

നാലുപേരുടെ പേരുകൾ ജീവനക്കാർ വിളിച്ചുപറഞ്ഞപ്പോൾ മൂന്നുപേർ സ്വമേധയാ വിമാനം വിട്ടു. പുറത്തുപോകാൻ കൂട്ടാക്കാതെ ഇരുന്ന നാലാമനെയാണു പൊലീസിനെ വിളിച്ചശേഷം ബലം പ്രയോഗിച്ചു കൊണ്ടുപോയത്. താൻ ഡോക്ടറാണെന്നും രാവിലെ തനിക്കു രോഗികളെ പരിശോധിക്കേണ്ടതുണ്ടെന്നും യാത്രക്കാരൻ വ്യക്തമാക്കിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.

മൂന്നുമണിക്കൂർ വൈകിയാണ് ഒടുവിൽ വിമാനം പുറപ്പെട്ടത്. എന്നാൽ, നിയമപ്രകാരമുള്ള നടപടിക്രമങ്ങളാണ് തങ്ങൾ സ്വീകരിച്ചതെന്ന നിലപാടിലാണ് യുണൈറ്റഡ് എയർലൈൻസ്.

Your Rating: