Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ റൂഹാനി രണ്ടാം വട്ടവും; യാഥാസ്ഥിതികർക്ക് ആഘാതം

IRAN-ELECTION/ ഇറാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസൻ റൂഹാനി ടെഹ്റാനിലെ തിരഞ്ഞെടുപ്പ് ഓഫിസ് സന്ദർശിച്ചപ്പോൾ.

ടെഹ്റാൻ∙ യാഥാസ്ഥിതിക പക്ഷത്തിനു കനത്ത ആഘാതമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി (68) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മിതവാദിയായ റൂഹാനിക്കു 57% വോട്ടാണു ലഭിച്ചത്. യാഥാസ്ഥിതിക പക്ഷത്തെ ഇബ്രാഹിം റയിസിക്കു ലഭിച്ചതു 38.3% വോട്ടുകളും. ആകെ പോളിങ് ശതമാനം 73.

പോളിങ് ബൂത്തുകളിലെ തിരക്കുമൂലം പലയിടത്തും പോളിങ് സമയം മണിക്കൂറുകൾ നീട്ടേണ്ടിവന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിന്തുണയോടെ മൽസരിച്ച ഇബ്രാഹിം റയിസിക്കു കനത്ത പരാജയം നേരിട്ടതോടെ ഇറാനിൽ പരിഷ്കരണ നടപടികൾക്കു വേഗമേറുമെന്നാണു പ്രതീക്ഷ. കടുത്ത പാശ്ചാത്യവിരുദ്ധ നിലപാടുള്ള റയിസിയുടെ പരാജയം ഇറാൻ റവലൂഷനറി ഗാർഡ്‌സിനും തിരിച്ചടിയായി.

നഗരങ്ങൾക്കു പുറമേ ഗ്രാമീണമേഖലയിലും റൂഹാനിക്കു പിന്തുണയേറിയതായാണു വിലയിരുത്തൽ. ഇറാനെതിരായ പാശ്ചാത്യ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2015ൽ വൻശക്തികളുമായി ആണവക്കരാർ ഒപ്പിടുന്നതിനു മുൻകയ്യെടുത്ത റൂഹാനി ഒബാമ ഭരണകൂടവുമായി സൗഹൃദപാതയിലായിരുന്നു.

എന്നാൽ, ട്രംപ് അധികാരമേറ്റതോടെ യുഎസ്–ഇറാൻ ബന്ധം വീണ്ടും മോശമായി. ഇറാന്റെ എതിർപക്ഷത്തുള്ള സൗദി അറേബ്യയുമായി അടുപ്പം നിലനിർത്തുന്ന ട്രംപ്, ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ നാണ്യപ്പെരുപ്പം കുറയ്ക്കാൻ കഴി‍ഞ്ഞതും ആണവക്കരാറിനെ തുടർന്ന് എണ്ണവിപണി സജീവമാക്കിയതും ഭരണനേട്ടമാണെങ്കിലും തൊഴിലില്ലായ്മയും വിലക്കയറ്റവും മുഖ്യപ്രശ്നങ്ങളായി തുടരുന്നു.

ഇറാനുമായി ശക്തമായ ബന്ധമുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് ആദ്യം അനുമോദനം അറിയിച്ച ലോകനേതാക്കളിലൊരാൾ. യൂറോപ്യൻ യൂണിയനും റൂഹാനിയെ അഭിനന്ദിച്ചു.