ലണ്ടൻ ∙ വ്യാഴാഴ്ച രാത്രി ഒന്നര മണിക്കൂറിനുള്ളിൽ ലണ്ടൻ നഗരത്തിൽ അഞ്ചിടത്ത് ആസിഡ് ആക്രമണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോപ്പഡിൽ പാഞ്ഞുനടന്ന രണ്ടു യുവാക്കളാണ് ആക്രമണം അഴിച്ചുവിട്ടത്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രധാനമായും ഇരുചക്രവാഹനയാത്രക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ രണ്ട് മോപ്പഡുകൾ മോഷ്ടിക്കാനുള്ള ശ്രമവും ഇവർ നടത്തി. വംശീയവൈരമാണോ മോഷണലക്ഷ്യമാണോ അക്രമികൾക്കുണ്ടായിരുന്നതെന്നു വ്യക്തമല്ല. അക്രമികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുകയാണ്.
തിരക്കേറിയ നഗരമധ്യത്തിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണങ്ങളുടെ തുടക്കം. 90 മിനിറ്റിനുള്ളിൽ അഞ്ചിടത്തു പാഞ്ഞെത്തി അക്രമികൾ അഴിഞ്ഞാടി. സ്റ്റോക്ക് ന്യൂവിങ്ടൺ, ക്ലാപ്റ്റൺ, ഹാക്ക്നി, ഇസ്ലിംങ്ടൺ, ബെത്നൽ ഗ്രീൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
നിരപരാധികളായ വഴിയാത്രക്കാർക്കുനേരെയും മറ്റുമുള്ള ആസിഡ് ആക്രമണം ഇപ്പോൾ ലണ്ടൻ നഗരത്തിൽ പുതിയ ഭീഷണി ആയിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണു കാറിൽ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം യുവാവിനും യുവതിക്കും നേരെ ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയിൽ അതിശക്തമായ ആസിഡ് ആക്രമണം ഉണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് ലൈറ്റിൽ നിർത്തിയിട്ടിരുന്നപ്പോൾ പാഞ്ഞെത്തിയ അക്രമി കാറിന്റെ സൈഡ് ഗ്ലാസിനുള്ളിലൂടെ ഇരുവരുടെയും നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം പൊലീസിൽ നേരിട്ടു ഹാജരായ പ്രതി വംശീയ വൈരംമൂലമാണ് ഇങ്ങനെ ചെയ്തതെന്നു സമ്മതിച്ചു. ഇന്നലത്തെ ആക്രമണത്തിൽ അറസ്റ്റിലായിരിക്കുന്നതു പതിനഞ്ചും പതിനാറും വയസ്സുള്ള യുവാക്കളാണ്.