കെന്നഡി വധിക്കപ്പെടും മുൻപ് ബ്രിട്ടീഷ് ദിനപത്രത്തിന്റെ ഓഫിസിലേക്ക്‌ അജ്ഞാതന്റെ ഫോൺ

വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുന്നതിന് 25 മിനിറ്റ് മുൻപ്, ബ്രിട്ടനിലെ കേംബ്രിജ് ന്യൂസ് പത്രത്തിന്റെ ഓഫിസിലേക്ക് ഒരു ഫോൺ വിളിയെത്തി. ‘അമേരിക്കൻ എംബസിയിലേക്കു വിളിക്കൂ, നിങ്ങൾക്കായി വലിയൊരു വാർത്ത കാത്തിരിപ്പുണ്ട്’. ആരായിരുന്നു വിളിച്ചത്...? ദുരൂഹത തുടരുന്നു.

ഇന്നലെ യുഎസ് ഭരണകൂടം പുറത്തുവിട്ട രേഖകളിലൊന്നിലാണ് ചുരുളഴിയാത്ത ആ ഫോൺവിളിയുടെ കഥയുള്ളത്. കെന്നഡി വധവും അന്വേഷണവുമായി ബന്ധപ്പെട്ട 2891 സുപ്രധാന രേഖകളാണ് നാഷനൽ ആർക്കൈവ്സ് പുറത്തുവിട്ടത്. പതിനായിരക്കണക്കിനു വരുന്ന രേഖകളിൽ‌ 90 ശതമാനവും മുൻപു പലപ്പോഴായി പ്രസിദ്ധീകരിച്ചിരുന്നു. അവശേഷിക്കുന്നതെല്ലാം ഇന്നലെ പുറത്തുവിടുമെന്നാണു കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നതെങ്കിലും സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെയും (സിഐഎ) ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും നിർദേശത്തെ തുടർന്നു ചിലതു തടഞ്ഞുവച്ചു.

രാജ്യസുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞാണ് അന്വേഷണ ഏജൻസികളുടെ ഇടപെടൽ. തടഞ്ഞുവച്ചിരിക്കുന്ന രേഖകൾ പരിശോധിക്കാൻ ഇവർക്ക് ആറുമാസം അനുവദിച്ചു. രേഖകൾ മുഴുവൻ 25 വർഷത്തിനുള്ളിൽ പുറത്തുവിടണമെന്ന്, 1992ൽ യുഎസ് കോൺഗ്രസ് നിർദേശിച്ചിരുന്നു.

1961ൽ യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മകൾ ഇന്ദിരാ ഗാന്ധിയും ജാക്വിലിൻ കെന്നഡി, ജോൺ എഫ്. കെന്നഡി എന്നിവർക്കൊപ്പം വൈറ്റ്ഹൗസിൽ.

രേഖളിൽ നിന്ന്:

∙ കെന്നഡിക്കു നേരെ വെടിയുതിർത്ത ലീ ഹാർവി ഓസ്വാൾഡിനു വധഭീഷണിയുണ്ടെന്നു പൊലീസിന് എഫ്ബിഐ മുന്നറിയിപ്പു നൽകിയിരുന്നു.

∙ മെക്സിക്കോയിലെ റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥനുമായി ഓസ്വാൾഡ് സംസാരിച്ചിരുന്നതായി സംശയം.

∙ കെന്നഡി വധത്തിൽ സംശയനിഴലിലായിരുന്ന റഷ്യ, യുഎസ് മിസൈൽ ആക്രമണം നടത്തുമോയെന്ന് ആശങ്കപ്പെട്ടിരുന്നു.

ജോൺ എഫ്. കെന്നഡി

യുഎസിന്റെ 35–ാം പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി 1963 നവംബർ 22നു ടെക്സസിലെ ഡാലസിൽ വച്ച് ലീ ഹാർവി ഓസ്വാൾഡ് എന്ന ചെറുപ്പക്കാരന്റെ വെടിയേറ്റു മരിച്ചു. ഇയാൾ രണ്ടു ദിവസത്തിനുശേഷം ജാക്ക് റൂബി എന്നയാളുടെ തോക്കിനിരയായി. യുഎസിലെ രാജകുടുംബമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കെന്നഡി കുടുംബത്തെ എക്കാലവും ദുരന്തങ്ങൾ വേട്ടയാടി. പിൽക്കാലത്ത് പ്രസിഡന്റാകുമെന്നു കരുതപ്പെട്ടിരുന്ന, ജോൺ എഫ്. കെന്നഡിയുടെ സഹോദരൻ റോബർട് കെന്നഡിയും ലൊസാഞ്ചലസിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടു. മകൻ ജോൺ എഫ്. കെന്നഡി ജൂനിയർ 1999ൽ വിമാനാപകടത്തിൽ മരിച്ചു.