പെൺകാമനകൾ തുറന്നെഴുതിയ നാൻസി ഫ്രൈഡേ വിട വാങ്ങി

ന്യൂയോർക്ക്∙ വിചിത്രകാമനകളുടെ പെൺലോകത്തിലേക്കു വാതിൽതുറന്ന അമേരിക്കൻ എഴുത്തുകാരി നാൻസി ഫ്രൈഡേ(84) ഓർമയായി. അൽസ്ഹൈമേഴ്സ് രോഗബാധിതയായിരുന്ന ഫ്രൈഡേ മൻഹാറ്റനിലെ വസതിയിൽ ഞായറാഴ്ചയാണു നിര്യാതയായത്. അശ്ലീലമെഴുത്തുകാരിയെന്നു പഴികേട്ടെങ്കിലും ചങ്കൂറ്റമുള്ള തുറന്നെഴുത്തിലൂടെ ഫ്രൈഡേ ഫെമിനിസത്തിനു നൽകിയതു പുതിയ മുഖം.

മൈ സീക്രട്ട് ഗാർഡൻ: വിമെൻസ് സെക്​ഷ്വൽ ഫാന്റസീസ് ആണ് ഏറ്റവും പ്രശസ്തമായ രചന. സീക്രട്ട് ഗാർഡനും തുടർന്നെഴുതിയ ഫോർബിഡെൻ ഫ്ലവേഴ്സും പോലെയുള്ള പുസ്തകങ്ങളെ ‘കുമ്പസാര ഫെമിനിസം’ എന്നാണു നിരൂപകർ വിളിച്ചത്. വിചിത്രഭാവനകളിലൂടെ ഉള്ളുതുറക്കാൻ സ്ത്രീമനസ്സിനു ധൈര്യം പകർന്ന ഫ്രൈഡേ പക്ഷേ, മുഖ്യധാരാ ഫെമിനിസത്തിലേക്ക് അലിഞ്ഞുചേർന്നില്ല.

ലൈംഗിക കാമനകൾക്കുള്ള സ്ത്രീസ്വാതന്ത്ര്യമാണു സാമ്പത്തികവും രാഷ്ട്രീയവുമായ സ്ത്രീ–പുരുഷ സമത്വത്തിന്റെ അടിസ്ഥാനമെന്ന അവരുടെ വാദം ഫെമിനിസ്റ്റുകൾക്ക് ഇഷ്ടമാകാതിരുന്നതാണു കാരണം. ഫ്രൈഡേ പുസ്തകങ്ങളിൽ ‘മൈ മദർ, മൈ സെൽഫ്’ മാത്രമാണ് അശ്ലീല ശ്രേണിയിൽ നിന്നു നിരൂപകർ മാറ്റിനിർത്തിയത്. അമ്മ–മകൾ ബന്ധമാണു സ്ത്രീയുടെ എല്ലാത്തരം ബന്ധങ്ങളെയും പരുവപ്പെടുത്തുന്നതെന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള മനോഹരമായ മാനസിക അപഗ്രഥനമായിരുന്നു ആ പുസ്തകം.

ജെലസി, ദ് പവർ ഓഫ് ബ്യൂട്ടി, ലുലു: എ നോവെല്ല, മെൻ ഇൻ ലവ് തുടങ്ങിയവ മറ്റു രചനകൾ. കോളമിസ്റ്റും എഴുത്തുകാരനുമായ ബിൽ മാൻവിലിനെ വിവാഹം ചെയ്ത ഫ്രൈഡേ പിന്നീടു ബന്ധം വേർപെടുത്തി വോൾസ്ട്രീറ്റ് ജേണൽ മാനേജിങ് എഡിറ്ററായിരുന്ന നോർമൻ പേൾസ്റ്റീന്റെ ഭാര്യയായി. മക്കളില്ല.