കൊച്ചി∙ ഒരുപിടി ഹാസ്യചിത്രങ്ങളിലൂടെ മലയാളികൾക്കു ചിരിവിരുന്നൊരുക്കിയ സംവിധായകൻ കെ.കെ. ഹരിദാസ് (52) അന്തരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ രാവിലെ പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം 11.30നായിരുന്നു. പത്തനംതിട്ട മൈലപ്ര സ്വദേശി. വാഴക്കാലയിലാണു താമസം. സംസ്കാരം ഇന്നു രാവിലെ 10.30ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ. ഭാര്യ: അനിത. മക്കൾ: ഹരിത, സൂര്യദാസ്.
സഹോദരീ ഭർത്താവും സംഗീത സംവിധായകനുമായിരുന്ന കണ്ണൂർ രാജനാണു ഹരിദാസിനു സിനിമയിലേക്കു വഴിതുറന്നത്. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിൽ സംവിധാന സഹായിയായി തുടക്കം. വിവിധ സംവിധായകരുടെ കീഴിൽ അസോഷ്യേറ്റ് ഡയറക്ടറായി 18 വർഷത്തോളം പ്രവർത്തിച്ചു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി േകരളത്തെ രസിപ്പിച്ച ഒട്ടേറെ ചിത്രങ്ങളൊരുക്കിയ ഹരിദാസിന്റെ ഹിറ്റ് ചിത്രങ്ങളിൽ വധു ഡോക്ടറാണ്, സിഐ മഹാദേവൻ അഞ്ചടി നാലിഞ്ച്, കല്യാണപ്പിറ്റേന്ന്, കിണ്ണം കട്ട കള്ളൻ, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ഒന്നാം വട്ടം കണ്ടപ്പോൾ, ജോസേട്ടന്റെ ഹീറോ തുടങ്ങി 18 ചിത്രങ്ങൾ ഉൾപ്പെടുന്നു.
1994ൽ റിലീസ് െചയ്ത ‘വധു ഡോക്ടറാണ്’ ആദ്യ ചിത്രം. ഒടുവിലത്തേതു 2015ൽ പുറത്തിറങ്ങിയ ‘3 വിക്കറ്റിന് 365 റൺസ്’. ഇടക്കാലത്ത് അദ്ദേഹം ടെലിവിഷൻ സീരിയലുകളും ഒരുക്കിയിരുന്നു.