ചെന്നൈ ∙ പ്രമുഖ നയതന്ത്രജ്ഞനും മലയാളത്തിൽ മാന്ത്രിക നോവൽശാഖയ്ക്കു തുടക്കമിട്ട സാഹിത്യകാരനുമായ ബി.എം.സി. നായർക്ക് (മോഹനചന്ദ്രൻ –77) അന്ത്യാഞ്ജലി അർപ്പിച്ചു പ്രമുഖർ. കഴിഞ്ഞദിവസം നിര്യാതനായ അദ്ദേഹത്തിന്റെ സംസ്കാരം ഇന്നു രാവിലെ ഒൻപതിനു ചെന്നൈ അണ്ണാ നഗറിലെ വസതിയിൽ അന്ത്യകർമങ്ങൾക്കു ശേഷം 11നു നുങ്കംപാക്കം പൊതുശ്മശാനത്തിൽ നടക്കും.
കുവൈത്ത്, ജമൈക്ക, സിംഗപ്പൂർ,മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിൽ സ്ഥാനപതിയായിരുന്നു. യുഎൻ രാജ്യാന്തര കമ്മിഷൻ ഹനോയ് ശാഖയുടെ ചെയർമാൻ, ബെർലിനിൽ കോൺസുൽ ജനറൽ എന്നീ പദവികളും വഹിച്ചു.
അദ്ദേഹത്തിന്റെ ‘കലിക’ യോടെയാണു മലയാളത്തിൽ മാന്ത്രിക നോവലുകൾക്കു തുടക്കമായത്. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലൻ ചടയൻ, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാൽ അഥവാ ശൂർപ്പണഖ തുടങ്ങിയവയാണു മറ്റു നോവലുകൾ. ‘കലിക’ തമിഴിലേക്കു മൊഴി മാറ്റിയിരുന്നു. പിന്നീട് ബാലചന്ദ്രമേനോൻ ഇതു സിനിമയാക്കി.
ആലുവ പട്ടേരിപുറം സ്വദേശിയായ ബി.എം.സി. നായർ 1965ലാണു വിദേശകാര്യ സർവീസിൽ ചേർന്നത്. 2001ൽ വിരമിച്ചു. ഭാര്യ:ലളിത, മക്കൾ: മാധവി, ലക്ഷ്മി(ഇരുവരും യുഎസ്). മരുമക്കൾ: ജെറി, ലോഹ്‍ലിൻ(ഇരുവരും യുഎസ്).