Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വ. പി.ജി. തമ്പി അന്തരിച്ചു

Thampi PG

ആലപ്പുഴ ∙ പ്രമുഖ അഭിഭാഷകനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും ആയ ആലപ്പുഴ തോണ്ടൻകുളങ്ങര രാജശിൽപിയിൽ അഡ്വ.പി.ഗോപാലകൃഷ്ണൻ തമ്പി (അഡ്വ.പി.ജി.തമ്പി–80) അന്തരിച്ചു. 1938ൽ ഹരിപ്പാട് കളരിക്കൽ കൃഷ്ണപിള്ളയുടെയും കരിമ്പാലേത്ത് ഭവാനിയമ്മ തങ്കച്ചിയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു. 1962 ൽ അഭിഭാഷകനായി ഹരിപ്പാട് കോടതിയിൽ പ്രാക്ട‍ീസ് ആരംഭിച്ചു. 1982 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് രമേശ് ചെന്നിത്തലയോടു പരാജയപ്പെട്ടു. നക്‌സൽ സോമരാജൻ വധക്കേസ്, സോമൻ വധക്കേസ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായി. 

2005 ൽ ബാർ കൗൺസിൽ ചെയർമാനായി. 2006 ൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡിജിപി) പദവിയിലെത്തിയ അദ്ദേഹം കാലാവധി പൂർത്തിയാകുന്നതിനു മുൻപ് രാജിവെച്ചതു വിവാദമായിരുന്നു. ഭാര്യ പരേതയായ സുഭദ്ര തമ്പി, മക്കൾ: അഡ്വ.പ്രിയദർശൻ തമ്പി, ഹരികൃഷ്ണൻ തമ്പി (ബെംഗളൂരു), ഡോ.മഹേഷ് ജി.തമ്പി (ശുചീന്ദ്ര ഹോസ്പിറ്റൽ, കൊച്ചി). ചലച്ചിത്രഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നോവലിസ്റ്റ് പരേതനായ പി.വ‍ി.തമ്പി ഉൾപ്പെടെയുള്ളവർ സഹോദരങ്ങളാണ്.