Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനയനയുടെ നേതൃത്വത്തിൽ അവർ ഒത്തുകൂടി, ശ്രീനിവാസിന്റെ ഓർമ പുതുക്കാൻ

Srinivas-and-Sunayana

ഹൂസ്റ്റൺ∙ യുഎസിൽ വംശീയ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യൻ സോഫ്റ്റ്‍വെയർ എൻജിനീയർ ശ്രീനിവാസ് കുച്ചിഭോട്‍ലയുടെ 34–ാം ജന്മദിനത്തിൽ ഭാര്യ സുനയന ദുമാലയുടെ നേതൃത്വത്തിൽ സമാധാനജാഥ നടത്തി. വെള്ളിയാഴ്ച നടന്ന ജാഥയിൽ ശ്രീനിവാസിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനു പേർ പങ്കെടുത്തു.

ശ്രീനിവാസ് ജോലിചെയ്തിരുന്ന ഗാർമിൻ എന്ന സ്ഥാപനത്തിന്റെ ആസ്ഥാനത്തുനിന്ന് ആക്രമണം നടന്ന ബാർ വരെയാണു ജാഥ നടത്തിയത്. ശ്രീനിവാസും സഹപ്രവർത്തകൻ അലോക് മടസാനിയും ആക്രമിക്കപ്പെട്ടതു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാൻസസിൽ വച്ചാണ്.

‘എന്റെ രാജ്യത്തുനിന്നു പോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടാണു യുഎസ് നേവി മുൻ ഉദ്യോഗസ്ഥനായ ആഡം പ്യൂരിന്റൻ ആക്രമണം നടത്തിയത്. തടയാൻ ശ്രമിച്ച ഇയാൻ ഗ്രില്ലറ്റ് എന്ന അമേരിക്കക്കാരനും പരുക്കേറ്റിരുന്നു. ഗ്രില്ലറ്റും ജാഥയിൽ പങ്കെടുത്തു.

ആക്രമണത്തിനുശേഷം യുഎസിൽ അരക്ഷിതാവസ്ഥ അനുവഭിക്കുന്ന കുടിയേറ്റക്കാർക്കായി സുനയന ‘ഫോർഎവർ വെൽകം’ എന്നൊരു ഫെയ്സ്ബുക് പേജ് ഈയിടെ തുടങ്ങിയിട്ടുണ്ട്. കേസിലെ വിധി മേയിലാണുണ്ടാവുക. കൊലക്കുറ്റത്തിനു പ്യൂരിന്റനു ജീവപര്യന്തം ശിക്ഷ ലഭിക്കാനിടയുണ്ട്. വംശീയ അതിക്രമം തെളിഞ്ഞാൽ വധശിക്ഷവരെ ലഭിക്കാം.