ഹരാരെ∙ സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെ വീണ്ടും കുരുക്കിൽ. ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പ് വിദേശത്തേക്കു കടത്തിയ കേസിൽ ഗ്രേസിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കും.
ചൈന, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവൻമാർക്കുള്ള ഉപഹാരമെന്ന വ്യാജേനയായിരുന്നു ആനക്കൊമ്പു കയറ്റുമതി. വിദേശത്ത് എത്തുന്നതോടെ ‘സമ്മാന’പ്പൊതികളെല്ലാം കരിഞ്ചന്തയിലേക്കു വഴിതിരിച്ചുവിടും. സർക്കാർ ഉദ്യോഗസ്ഥരിലാരോ വിവരം ചോർത്തിയതോടെയാണു ഗ്രേസ് മുഗാബെയുടെ തട്ടിപ്പു വെളിച്ചത്തായത്.
2013നും 2015നും ഇടയിൽ സിംബാബ്‍വെ ദേശീയോദ്യാനത്തിലെ നാനൂറോളം ആനകൾ സയനൈഡ് വിഷബാധ മൂലം ചരിഞ്ഞെന്നാണു കണക്കുകൾ. റോബർട് മുഗാബെയെ പുറത്താക്കി എമേഴ്സൻ നൻഗഗ്വ സിംബാബ്‍വെ പ്രസിഡന്റായതോടെ ആനവേട്ടയിൽ കുറവുവന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നു.