ഹരാരെ∙ അഴിമതിക്കേസിൽ തെളിവു നൽകുന്നതിനു മേയ് 23നു ഹാജരാകാൻ സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെയ്ക്കു (94) പാർലമെന്റ് സമിതി നോട്ടിസ് അയച്ചു. കഴിഞ്ഞ മാസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും പിന്നീട് അതു മാറ്റിവയ്ക്കുകയായിരുന്നു.
ഹാജരാകുന്നതു സംബന്ധിച്ചു മുഗാബെ പ്രതികരിച്ചിട്ടില്ല.
മുഗാബെയുടെ ഭരണകാലത്ത് അഴിമതി മൂലം രത്നഖനന ഇടപാടിൽ 1500 കോടി ഡോളർ സർക്കാരിനു നഷ്ടമുണ്ടായെന്നാണു കേസ്. മുൻമന്ത്രിമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യംചെയ്തുകഴിഞ്ഞു. നവംബറിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം ഇതുവരെ അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.